
മെറ്റേണൽ-ഫീറ്റൽ മെഡിസിൻ വിദഗ്ധരുടെ അന്താരാഷ്ട്ര ദിദ്വിന സമ്മേളനമായ 'ഫീറ്റോമാറ്റ് 2025'-ന് തിരുവനന്തപുരത്ത് തുടക്കമായി. കിംസ്ഹെൽത്തിലെ മെറ്റേണൽ ആൻഡ് ഫീറ്റൽ മെഡിസിൻ, ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗങ്ങൾ റോയൽ കോളേജ് ഓഫ് ഒബ്‌സ്റ്റട്രിഷ്യൻസ് ആൻഡ് ഗൈനക്കോളജിസ്റ്റ്‌സുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സമ്മേളനം കിംസ്ഹെൽത്ത് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ഡോ. എം.ഐ സഹദുള്ള ഉദ്ഘാടനം ചെയ്തു. ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നുമായി ഇരുനൂറ്റിയൻപതോളം ആരോഗ്യവിദഗ്ധർ പങ്കെടുത്തു.
സംസ്ഥാനത്തെ പെരിനാറ്റൽ കെയർ മികച്ചതാന്നെും രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നുമുള്ള വിദഗ്‌ധരെ പങ്കെടുപ്പിച്ച് ഇത്തരത്തിലൊരു സമ്മേളനം സംഘടിപ്പിക്കാനായതിൽ അതിയായ സന്തോഷമുണ്ടെന്നും ഡോ. എം.ഐ സഹദുള്ള തൻ്റെ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഇതിൽ ചർച്ച ചെയ്യപ്പെടുന്ന ആശയങ്ങൾ ആഗോള തലത്തിൽ നടപ്പിലാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരളത്തിൽ മികച്ച പെരിനാറ്റൽ കെയർ നിലനിൽക്കുമ്പോഴും പ്രസവാനന്തര മാതൃമരണങ്ങളിൽ ആത്മഹത്യാനിരക്ക് ഉയർന്ന് വരുന്നത് സമ്മേളനത്തിൽ ചർച്ചയായി. ഗർഭിണികളായ അമ്മമാരുടെ മാനസികാരോഗ്യം മുൻനിർത്തി അവരുടെ വൈകാരിക ക്ഷേമത്തെ പിന്തുണയ്ക്കുന്നതിനായി കേരളത്തിൽ സ്വകാര്യ മേഖലയിൽ ആദ്യത്തെ സമഗ്രമായ പെരിനാറ്റൽ മെന്റൽ ഹെൽത്ത് ക്ലിനിക്കായ 'മാനസി'യുടെ ഉദ്ഘാടനം എഐസിസി ആർസിഒജി ഓൾ ഇന്ത്യ ചെയർ ഡോ. ഉമാ റാം നിർവഹിച്ചു. തിരുവനന്തപുരം കിംസ്ഹെൽത്തിലാണ് ക്ലിനിക്ക് സജ്ജീകരിച്ചിരിക്കുന്നത്.
'ഫീറ്റോമാറ്റ് 2025' ന്റെ ഓർഗനൈസിംഗ് സെക്രട്ടറിയും, കിംസ്ഹെൽത്തിലെ ഹൈ-റിസ്‌ക് പ്രെഗ്നൻസി ആൻഡ് പെരിനാറ്റോളജി വിഭാഗം സീനിയർ കൺസൾട്ടന്റുമായ ഡോ. വിദ്യാലക്ഷ്മി ആർ സ്വാഗതവും ഒബ്‌സ്റ്റെട്രിക്‌സ് ആൻഡ് ഗൈനക്കോളജി വിഭാഗം കൺസൾട്ടൻ്റ് ഡോ. സജിത് മോഹൻ ആർ നന്ദിയും രേഖപ്പെടുത്തി. ഓസ്‌ട്രേലിയയിലെ ലിവർപൂൾ ഹോസ്പിറ്റ്ലിലെ മെറ്റേണൽ ഫീറ്റൽ മെഡിസിൻ കൺജോയിന്റ് പ്രൊഫസറായ ഡോ. ജോൺ സ്മോളെനിയേക്, ചെന്നൈ മെഡിസ്‌കാൻ ഡയറക്ടറും ഇന്ത്യയിലെ പ്രശസ്ത ഫീറ്റൽ മെഡിസിൻ വിദഗ്ദ്ധനുമായ ഡോ. സുരേഷ് എസ് എന്നിവരും ചടങ്ങിൻ്റെ ഭാഗമായി.
മെറ്റേണൽ-ഫീറ്റൽ മെഡിസിൻ രംഗത്തെ സമകാലിക വെല്ലുവിളികളെക്കുറിച്ചും നൂതന കണ്ടുപിടിത്തങ്ങളെക്കുറിച്ചുമുള്ള അൻപതോളം വിദഗ്ദ്ധ സെഷനുകൾ അരങ്ങേറുന്ന സമ്മേളനം ഒക്ടോബർ 12 ഞായറാഴ്ച സമാപിക്കും.