
ഷൈന്‍ ടോം ചാക്കോയുടെ പിതാവ് മരണപ്പെട്ട സംഭവത്തിൽ പുറത്തു വരുന്ന വാർത്തകൾക്ക് താഴെ മോശം കമന്റുകളിടുന്നവരോട് പ്രതികരിച്ച് സിനിമാ സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ വിഷ്ണു ആമി(Photographer Vishnu). കടുത്ത ഭാഷയിൽ വിഷ്ണു ഉപയോക്താക്കളെ വിമർശിച്ചു. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമായ ഫേസ്ബുക്കിലൂടെയാണ് വിഷ്ണു തന്റെ പ്രതികരണം അറിയിച്ചത്. പൊതുമധ്യത്തിൽ അഭിപ്രായപ്രകടനം നടത്തുമ്പോൾ അവരുടെ കുടുംബത്തിന്റെ മാനസികാവസ്ഥ കൂടി കണക്കിലെടുക്കണമെന്ന് അദ്ദേഹം വ്യക്തമാക്കി.
വിഷ്ണു ആമിയുടെ കുറിപ്പിന്റെ പൂർണ്ണ രൂപം:
മരണം പോലും ആഘോഷിക്കുന്നവരോട്...
ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഡാഡി...
ഷൈന്‍ ടോം ചാക്കോയുടെ അച്ഛന്‍... അദ്ദേഹത്തിന്റെ മരണത്തെക്കാള്‍ ഏറ്റവും വേദനിപ്പിക്കുന്നത് ഈ അപകടവുമായി ബന്ധപ്പെട്ട് വരുന്ന വാര്‍ത്തകള്‍ക്ക് താഴെ വരുന്ന കമന്റുകളാണ്. ചാക്കോ എന്നയാള്‍ ഒരു വ്യക്തി എന്നതിനേക്കാള്‍ ഉപരി അദ്ദേഹം ഒരു അച്ഛനായിരുന്നു, അദ്ദേഹത്തിന് പ്രിയപ്പെട്ട മക്കളുണ്ട്, ഒരു കുടുംബമുണ്ട്. ഏതൊരു അച്ഛനെപോലെയും എത്രത്തോളം അദ്ദേഹം തന്റെ മക്കളെയും കുടുംബത്തെയും സ്‌നേഹിച്ചിരുന്നു എന്നത് മനസ്സിലാക്കാന്‍ നിങ്ങള്‍ ഓരോരുത്തരും അവരവരുടെ അച്ഛനെ പറ്റി ആലോചിച്ചു നോക്കിയാല്‍ മാത്രം മതി. ആ മക്കള്‍ക്ക് സ്വന്തം അച്ഛനെയാണ് നഷ്ടപ്പെട്ടിരിക്കുന്നത് എന്ന് ഓര്‍ക്കുക. നിങ്ങളുടെ ഉറ്റവര്‍ മരിച്ചു കിടക്കുമ്പോള്‍ ഇങ്ങനുള്ള കമന്റുകള്‍ വന്നാല്‍ നിങ്ങളുടെയും നിങ്ങളുടെ കുടുംബത്തിന്റെയും മാനസികാവസ്ഥ എന്തായിരിക്കും എന്നത് ചിന്തിച്ചിട്ട് വേണം ഓരോ കമന്റും ഇടാന്‍. മനസ്സുകൊണ്ടെങ്കിലും തെറ്റ് ചെയ്യാത്തവര്‍ ആരും ഉണ്ടാവില്ല എന്നിരിക്കെ വേട്ട നായ്ക്കളെക്കാള്‍ ക്രൂരമായ ഇത്തരത്തിലുള്ള കൂട്ട ആക്രമണം ഒഴിവാക്കിക്കൂടെ നാട്ടാരെ.
വിദ്യ കൊണ്ട് പ്രബുദ്ധരായ മലയാളികള്‍ക്ക് വിവേചന ബുദ്ധി കൈമോശം വന്നിരിക്കുന്നു എന്നതിന് ഏറ്റവും വലിയ തെളിവാണ് ഈ വാര്‍ത്തകള്‍ക്ക് താഴെ വരുന്ന ഓരോ കമന്റും. സ്വന്തം മക്കള്‍ക്ക് മാത്രമല്ല. അദ്ദേഹത്തെ സ്‌നേഹിച്ചിരുന്ന ഞങ്ങളെപ്പോലുള്ള സിനിമ പ്രവര്‍ത്തകര്‍ക്കും ചില ഓര്‍മ്മകള്‍ വളരെ വേദനകള്‍ സമ്മാനിക്കുന്നതാണ്. ശുക്രന്‍ സിനിമയുടെ ലൊക്കേഷനില്‍ ഷൈന്റെ കൂടെ വന്ന ഡാഡി എന്റെ ഫോട്ടോ എന്തിനാ എടുക്കുന്നത് കൊച്ചേ എന്ന് എന്നോട് ചോദിച്ചപ്പോള്‍ ഡാഡീടെ ബെര്‍ത്ത് ഡേയ്ക്ക് പോസ്റ്റ് ചെയ്യാം എന്ന് ഞാന്‍ പറഞ്ഞു... പക്ഷേ ഒരിക്കലും വിചാരിച്ചില്ല ഈ ഫോട്ടോ ഇങ്ങനെ പോസ്റ്റ് ചെയ്യേണ്ടി വരും എന്ന്. ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട ഡാഡി പോയി എന്ന വാര്‍ത്ത രാവിലെ അറിയുമ്പോള്‍ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. പക്ഷേ യഥാര്‍ഥ്യത്തെ ഉള്‍ക്കൊണ്ടല്ലേ പറ്റൂ... ഓര്‍മകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു... ഷൈന്‍ ടോം ചാക്കോ യുടെ കുടുംബത്തോടൊപ്പം പ്രാര്‍ത്ഥനകളില്‍ ഞങ്ങളും ചേരുന്നു...