

കൊച്ചി: അന്തരിച്ച പ്രശസ്ത നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെക്കുറിച്ചുള്ള വൈകാരികമായ ഓർമ്മക്കുറിപ്പുമായി സംവിധായകൻ പി.ജി. പ്രേംലാൽ. ശ്രീനിവാസന്റെ പുകവലി ശീലത്തെക്കുറിച്ചും അത് ഉപേക്ഷിക്കാൻ അദ്ദേഹം നടത്തിയ കഠിനമായ ശ്രമങ്ങളെക്കുറിച്ചും വിവരിക്കുന്നതാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ഈ കുറിപ്പ്.
പുകവലി ശ്രീനിവാസന്റെ ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമായിരുന്നു. എന്നാൽ ആരോഗ്യം മോശമായതോടെ ആ ശീലം ഉപേക്ഷിക്കണമെന്ന് അദ്ദേഹം ആത്മാർത്ഥമായി ആഗ്രഹിച്ചിരുന്നു. മാനസികമായി ആ ശീലം നിർത്താൻ തീരുമാനിച്ചെങ്കിലും ശാരീരികമായി അത് വലിയ വെല്ലുവിളിയായിരുന്നു. സിഗരറ്റ് ഉപേക്ഷിക്കാൻ അദ്ദേഹം അനുഭവിച്ച കഷ്ടപ്പാടുകൾ നേരിട്ടു കണ്ടതിന്റെ അനുഭവമാണ് പ്രേംലാൽ പങ്കുവെച്ചത്.
'അതിശയൻ', 'ഔട്ട്‍സൈഡർ' തുടങ്ങിയ സിനിമകളിലൂടെ ശ്രീനിവാസനുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന സംവിധായകനാണ് പ്രേംലാൽ. തമാശകൾക്കിടയിലും തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കകൾ ശ്രീനിവാസൻ പങ്കുവെച്ചിരുന്നുവെന്നും അദ്ദേഹം ഓർക്കുന്നു.
ശ്രീനിവാസന്റെ ലളിതമായ ജീവിതരീതിയെക്കുറിച്ചും സിനിമാ സെറ്റുകളിലെ അദ്ദേഹത്തിന്റെ ഇടപെടലുകളെക്കുറിച്ചും പ്രേംലാൽ കുറിപ്പിൽ പ്രതിപാദിക്കുന്നുണ്ട്. മലയാളികൾക്ക് ചിരിയും ചിന്തയും സമ്മാനിച്ച ആ വലിയ കലാകാരന്റെ ജീവിതത്തിലെ അധികമാരും അറിയാത്ത വൈകാരിക നിമിഷങ്ങളാണ് ഈ കുറിപ്പിലൂടെ പുറത്തുവരുന്നത്.
പ്രേംലാലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
എന്നേക്കാൾ വലിയ പുകവലിക്കാരനായിരുന്നു ശ്രീനിയേട്ടൻ.
ആദ്യമായി കഥപറയാൻ ചെന്ന ദിവസം
ഒന്ന് തുടങ്ങിക്കിട്ടാനുള്ള എൻ്റെ സംഭ്രമം
മനസ്സിലാക്കി ശ്രീനിയേട്ടൻ ചോദിച്ചു, "വലിക്കുമോ ?"
ഉവ്വെന്ന് ഞാൻ പറഞ്ഞപ്പോൾ
കൈയിലിരുന്ന ട്രിപ്പിൾ ഫൈവിൻ്റെ പാക്കറ്റ് എൻ്റെ നേർക്ക് നീട്ടി ശ്രീനിയേട്ടൻ പറഞ്ഞു,
"ഒന്നു വലിച്ചോ! എന്നിട്ട് പറഞ്ഞാൽ മതി."
പിന്നെയങ്ങോട്ടുള്ള കാലം ഒരുമിച്ച് കുറേ വലിച്ചു.'ആത്മകഥ' യുടെ ഷൂട്ടിംഗ് തുടങ്ങിയ ദിവസം തൊട്ടേ ആ തോളിൽ കൈയിട്ടു നിന്ന് സിഗററ്റ് വലിക്കാൻ സ്വാതന്ത്ര്യം കിട്ടി. ഷോട്ട് പറഞ്ഞുകൊടുക്കുമ്പോൾ പോലും ഞാൻ സിഗററ്റ് വായിൽ തിരുകിനിന്നു.
'ആത്മകഥ'യുടെ ഷൂട്ടിംഗ് സമയത്ത് മഞ്ഞ് ആവശ്യമായി വരുന്ന സമയത്ത് ആർട്ട് ഡിപ്പാർട്ട്മെൻ്റുകാർ അവരുടെ പുക ഉണ്ടാക്കിക്കൊണ്ടിരിക്കെ ഞങ്ങൾ കേൾക്കില്ല എന്ന വിശ്വാസത്തിൽ "ശ്രീനിയേട്ടനേം ഡയറക്ടറേം കുറച്ചു നേരം അവിടെ പിടിച്ചു നിർത്തിയാ മതി. കോട നിറഞ്ഞോളും "എന്ന്
യൂണിറ്റുകാർ അടക്കം പറഞ്ഞുചിരിച്ചു.
ശ്രീനിയേട്ടൻ്റെ വീട്ടിൽ പോകുന്ന സമയത്ത് എൻ്റെ നാടൻ സിഗരറ്റ് മറന്നുവെന്ന് ഞാൻ മിക്കപ്പോഴും അഭിനയിച്ചു .ആ അഭിനയം മനസ്സിലായില്ല എന്ന് തിരിച്ച് ഇങ്ങോട്ടും അഭിനയിച്ച് ശ്രീനിയേട്ടൻ ട്രിപ്പിൾഫൈവ് തന്നുകൊണ്ടേയിരുന്നു ! അങ്ങനെയൊരു 4-5 കൊല്ലം !
ഒരു നാൾ കണ്ടനാട്ടെ വീട്ടിൽ ചെന്നപ്പോൾ പതിവുപോലെ ഒരു സിഗററ്റ് ചോദിച്ച എന്നോട് ശ്രീനിയേട്ടൻ പറഞ്ഞു,
"പ്രേംലാൽ , ഞാൻ പുകവലി നിർത്തി "
തികച്ചും അപ്രതീക്ഷിതമായ വാക്കുകളായിരുന്നതിനാൽ ഞാൻ ഞെട്ടി. എങ്കിലും അന്നേരം മനസ്സിൽ പറയാൻ തോന്നിയത്
"ആ എന്നാ ഞാനും നിർത്തി " എന്നാണ്.
"ശരിക്കും?'' എന്ന് ശ്രീനിയേട്ടൻ്റെ ചോദ്യം. "അതെ" എന്ന് ഞാൻ ഉറപ്പിച്ചു.
2014 നവംബർ 19-ാം തീയതി ആയിരുന്നു അന്ന് !
പക്ഷേ....പിന്നീട് രണ്ടാഴ്ച കഴിഞ്ഞ് ഞാൻ വീണ്ടും ശ്രീനിയേട്ടനെ കാണാൻ ചെല്ലുമ്പോൾ പുള്ളിക്കാരനുണ്ട് സിഗരറ്റും വലിച്ച് മുറ്റത്തുണ്ട്.
"ആ.... വീണ്ടും തുടങ്ങിയോ ?'' എന്ന് ചോദിച്ചപ്പോൾ എനിക്കു നേരെ സിഗററ്റ് പാക്കറ്റ് നീട്ടി ശ്രീനിയേട്ടൻ.
"എനിക്ക് വേണ്ട. ഞാൻ വാക്കു പറഞ്ഞാ പറഞ്ഞതാ. നിർത്തി"
ശ്രീനിയേട്ടൻ അത്ഭുതപ്പെട്ടു നോക്കി !
പിന്നീട് പലപ്പോഴും കണ്ടുമുട്ടുന്നതിനിടയിൽ എപ്പോഴോ ഞാൻ ഒരു കാര്യം ശ്രദ്ധിച്ചു. എന്നോടൊപ്പമുള്ളപ്പോൾ ശ്രീനിയേട്ടൻ സിഗററ്റിന് തീ കൊളുത്തുന്നില്ല !
ഞാൻ ചോദിച്ചു "എന്തേ ശ്രീനിയേട്ടൻ വലിക്കാത്തത് ?"
"പുകവലി നിർത്താനുള്ള പെടാപ്പാട് എനിക്ക് നന്നായി അറിയാം.
അത് നിർത്താൻ കഴിഞ്ഞ ഒരാളുടെ അടുത്തിരുന്നു വലിച്ച് പ്രലോഭിപ്പിക്കാൻ കാരണമാവുന്നത് ഒരു ക്രൈമാണ്"
ശ്രീനിയേട്ടൻ ചിരിയോടെ പറഞ്ഞു.
ശ്രീനിയേട്ടൻ്റെ ഹൃദയശസ്ത്രക്രിയയ്ക്കു ശേഷം കുറച്ചു മാസങ്ങൾ കഴിഞ്ഞ് കണ്ടനാട്ടേക്ക് വണ്ടിയോടിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു ഫോൺ, "പ്രേംലാൽ, ഒരു പാക്കറ്റ് സിഗററ്റ് കൊണ്ടുവരണം"
"നടക്കില്ല ശ്രീനിയേട്ടാ" എന്ന് ഞാൻ കടുപ്പം പറഞ്ഞു.
"ഇപ്പോ ഒരു കുഴപ്പവുമില്ല. വല്ലപ്പോഴും ഒരു പുകയെടുക്കാനാണ്. വിമലയറിഞ്ഞാ സമ്മതിക്കില്ല. അതുകൊണ്ടല്ലേ! വാങ്ങിച്ചിട്ടുവരണം" എന്നു പറഞ്ഞ് ശ്രീനിയേട്ടൻ ഫോൺ കട്ട് ചെയ്തു.
ചെന്നുകയറിയ ഉടൻ വിമലച്ചേച്ചി കാണാതെ ആക്രാന്തം കലർന്ന സ്വരത്തിൽ ചോദിച്ചു, "എവിടെ ?"
ഞാൻ പറഞ്ഞു " വാങ്ങിച്ചില്ല"
അതിനു മുമ്പോ ശേഷമോ ഒരിക്കലും കാണാത്ത വിധം ആ മുഖത്ത് ഗൗരവവും നീരസവും നിറഞ്ഞു.
"ഏതു ഘട്ടത്തിലും കൂടെ നില്ക്കുന്ന ചിലർ ഉണ്ടെന്നാണ് ഞാൻ വിചാരിച്ചിരുന്നത്. ആ വിശ്വാസം തെറ്റിപ്പോയി" എന്ന് ശ്രീനിയേട്ടൻ്റെ സ്വരം കടുത്തു.
അന്നേ ദിവസം ഒരക്ഷരം എന്നോടു സംസാരിച്ചില്ല. ഫോൺകോളുകൾ അറ്റൻഡ് ചെയ്തും ചെയ്യുന്നതായി നടിച്ചും അങ്ങോട്ടുമിങ്ങോട്ടും നടന്നു. ഇടയ്ക്കെപ്പോഴോ ഞാൻ യാത്ര പറഞ്ഞിറങ്ങി. പ്രതികരണമൊന്നുമുണ്ടായില്ല.
പിറ്റേന്ന്, വീണ്ടും ഞാൻ കണ്ടനാട്ടേക്ക് വണ്ടിയോടിച്ചു. ഒരു പെട്ടിക്കടയിൽ നിന്ന് ഒരൊറ്റ സിഗററ്റ് മാത്രം വാങ്ങി കൈയിൽ വെച്ചു. മുൻകൂട്ടി വിളിച്ചുപറയാതെയുള്ള ആദ്യത്തെ യാത്ര ! അതുകൊണ്ടുതന്നെ ഞാൻ വീടിൻ്റെ മുമ്പിലുണ്ടെന്നും ഗേറ്റു തുറക്കാനും പറഞ്ഞ് വിളിച്ചപ്പോൾ ശ്രീനിയേട്ടൻ വിസ്മയിച്ചു. അകത്തുചെന്ന് വിമലച്ചേച്ചി കാണാതെ സിഗററ്റ് കൈമാറിയപ്പോൾ ഹൃദയം നിറഞ്ഞ് ചിരിച്ചു. ബാത്റൂമിൽ കയറി പുകയെടുത്ത് പുറത്തുവന്ന് " ശരിക്കും ഒരു എനർജി വന്നതുപോലെ "എന്ന് ഉത്സാഹത്തോടെ പറഞ്ഞ്, പിന്നെ തെല്ലൊരു സംശയഭാവത്തോടെ "ഒരു പാക്കറ്റല്ലേ പറഞ്ഞിരുന്നത് ?" എന്ന് സന്ദേഹിച്ചു.
" പറഞ്ഞത് അങ്ങനെ തന്നെയായിരുന്നു, ഒരെണ്ണം മതിയെന്ന് ഞാനങ്ങ് വിചാരിച്ചു. പക്ഷേ ഞാൻ നിർത്തി. ഇനി ഒരെണ്ണം കൂടി വാങ്ങാൻ പറഞ്ഞാൽ, ഒരു കാലത്തും ഇനി ഞാൻ ഇങ്ങോട്ട് വരില്ല" എന്ന് ഉറപ്പിച്ച് പറഞ്ഞു. പുള്ളിക്കാരൻ കുറേ ചിരിച്ചു. പിന്നെ ചുമച്ചു.
വർഷങ്ങൾക്കു ശേഷം , അതായത് .... മൂന്നു വർഷങ്ങൾക്കു മുമ്പ് നെഞ്ചുവേദന വന്ന് ശ്രീനിയേട്ടൻ ആശുപത്രിയിൽ അഡ്മിറ്റായി. അന്ന് കണ്ടപ്പോൾ 'എന്തുപറ്റി 'യെന്ന ചോദ്യത്തിന് "സിഗററ്റ് വലിച്ചതുകൊണ്ടാണെന്നാ ഡോക്ടർ പറഞ്ഞത് " എന്ന് നിഷ്ക്കളങ്കനായി മറുപടി തന്നപ്പോൾ ശരിക്കും ഞെട്ടി! ഒരൊറ്റ സിഗററ്റിൻ്റെ തീയിൽ കുറ്റബോധവും ആത്മവേദനയും എരിഞ്ഞുകത്തി. പക്ഷേ, ഒന്നല്ല... പല തവണയെന്ന നിലയ്ക്ക് സിഗററ്റുകൾ പുകഞ്ഞിരുന്നുവെന്ന് ശ്രീനിയേട്ടൻ കള്ളച്ചിരിയോടെ പറഞ്ഞു.ഒരു തിരക്കഥ എഴുതിക്കാൻ പുറകേ നടന്ന ഒരാളെക്കൊണ്ടാണ് കാര്യം നടത്തിച്ചെടുത്തിരുന്നത് എന്നും കുത്തിക്കുത്തി ചോദിച്ചപ്പോൾ മറുപടി കിട്ടി. വിമലച്ചേച്ചിയും അതുതന്നെ പറഞ്ഞു. എന്തായാലും പുകവലി അതോടെ അവസാനിപ്പിച്ചു, ശ്രീനിയേട്ടൻ !
"വേദന സഹിക്കാൻ വേറെ ആളെ കിട്ടുമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. പക്ഷേ അത് നടക്കുന്ന കാര്യമല്ലല്ലോ"
എന്ന് സ്വയം ആശ്വസിച്ചു.
കഴിഞ്ഞ വർഷം, ഞാൻ പുകവലി നിർത്തിയതിൻ്റെ പത്താം 'വാർഷിക'ത്തിൻ്റെ കാര്യം ശ്രീനിയേട്ടനോട് പറഞ്ഞപ്പോൾ
" ലോകത്ത് അതിജീവിക്കാൻ ഏറ്റവും പ്രയാസമുള്ള പ്രലോഭനത്തെയാണ് പ്രേംലാൽ തോല്പിച്ചത്. ഈ അവസ്ഥയിലും ഒരു സിഗററ്റ് കൈയിൽ കിട്ടിയാൽ ഞാൻ വലിച്ചുപോവും! വിജയം തുടരൂ" എന്ന് പറഞ്ഞുചിരിച്ചു.
യഥാർത്ഥത്തിൽ ആ വിജയം ശ്രീനിയേട്ടനും അവകാശപ്പെട്ടതായിരുന്നു. സിഗററ്റ് ഉപേക്ഷിച്ചതിനു ശേഷമുള്ള ആദ്യത്തെ രണ്ടര വർഷക്കാലം ഞാൻ അക്ഷരാർത്ഥത്തിൽ ചിന്താപരമായി മുരടിച്ചുപോയിരുന്നു. വിരലുകൾക്കിടയിൽ സിഗററ്റ് എരിഞ്ഞുനില്ക്കാതെ വന്നപ്പോൾ ഒരു പത്തു മിനിട്ടിൽ കൂടുതൽ നേരം കഥയാലോചിച്ച് ഇരിക്കാൻ കഴിയാത്ത നിലയായി.ഒരു വരി പോലും എഴുതാൻ കഴിയാത്ത അവസ്ഥ! ഒടുവിൽ മനസ്സുമടുത്ത് ഞാൻ കാര്യം ശ്രീനിയേട്ടനോട് തുറന്നുപറഞ്ഞു. ഒന്നും ചെയ്യാനോ ചിന്തിക്കാനോ കഴിയുന്നില്ലെന്നും വീണ്ടും വലി തുടങ്ങിയേ പറ്റൂവെന്നും പറഞ്ഞുകൊണ്ട് ഞാൻ മേശപ്പുറത്തെ ട്രിപ്പിൾഫൈവ് പാക്കറ്റിനു വേണ്ടി കൈനീട്ടിയ നേരം, ശ്രീനിയേട്ടൻ തടഞ്ഞു. എഡിസൺ പറഞ്ഞ ആ പ്രശസ്ത വാചകം ഓർമ്മിപ്പിച്ചു,
"വിജയത്തിന് തൊട്ടടുത്തെത്തി എന്നത് തിരിച്ചറിയാതെ പരിശ്രമത്തിൽ നിന്ന് പിൻവാങ്ങുന്നതാണ് പല മനുഷ്യർക്കും പറ്റുന്ന പിഴവ്! ചിലപ്പോ കുറച്ച് ആഴ്ചകൾ കൂടി ... ചിലപ്പോൾ കുറച്ച് മാസങ്ങൾ... അതിനുള്ളിൽ പ്രേംലാലിന് ഇപ്പോഴത്തെ അവസ്ഥ മറികടക്കാൻ പറ്റും. കോൺഫിഡൻസാണ് പ്രധാനം".
അന്ന് ഞാൻ വലിച്ചില്ല; പിന്നെയങ്ങോട്ടും ! എഴുത്തും ചിന്തയും കഥകളും അധികം വൈകാതെ, ശ്രീനിയേട്ടൻ പറഞ്ഞതുപോലെ തിരിച്ചെത്തി. പുക വിഴുങ്ങുന്ന ശീലം അവസാനിപ്പിച്ചതിൻ്റെ 11 വർഷങ്ങൾ പിന്നിടുമ്പോൾ അതുകൊണ്ടുതന്നെ ഞാൻ കലയിൽ മാത്രമല്ല, ജീവിതത്തിലും പ്രിയപ്പെട്ട ശ്രീനിയേട്ടനോട് കടപ്പെട്ടിരിക്കുന്നു. സ്വയം പുകയെ ലഹരിയായി കൊണ്ടുനടക്കുമ്പോഴും എനിക്കു വേണ്ടി വലിക്കാതിരുന്ന മനുഷ്യനാണ്. ഞാൻ ജയിക്കാൻ ഒപ്പം നിന്ന മനുഷ്യൻ ! അല്ലെങ്കിലും വലിയ മനുഷ്യർ അങ്ങനെത്തന്നെയാണല്ലോ ! അപരരുടെ വിജയങ്ങളിലും അവർക്ക് ഹൃദയം തുറന്ന് പുഞ്ചിരിക്കാൻ കഴിയുമല്ലോ !
ശ്രീനിയേട്ടാ...നന്ദി !