

കണ്ണൂർ: പെരിയ ഇരട്ടക്കൊലക്കേസിലെ ഒന്നാം പ്രതി എ. പീതാംബരൻ ഉൾപ്പെടെ രണ്ട് പ്രതികൾക്ക് പരോൾ അനുവദിച്ചു. ഒന്നാം പ്രതി പീതാംബരൻ, അഞ്ചാം പ്രതി ഗിജിൻ എന്നിവർക്കാണ് 15 ദിവസത്തെ പരോൾ അനുവദിച്ചത്. നിലവിൽ കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുന്ന ഇവർക്ക് ചട്ടപ്രകാരമുള്ള സ്വാഭാവിക പരോളാണ് നൽകിയതെന്ന് ജയിൽ അധികൃതർ വ്യക്തമാക്കി.
അതേസമയം , പ്രതികൾക്ക് പരോൾ അനുവദിച്ച നീക്കത്തിനെതിരെ കോൺഗ്രസ് ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. കേസിലെ മുഴുവൻ പ്രതികളെയും പരോളിലൂടെ ഘട്ടംഘട്ടമായി പുറത്തിറക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു. നേരത്തെ പ്രതികൾ കൂട്ടത്തോടെ പരോളിന് അപേക്ഷ നൽകിയത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിതുറന്നിരുന്നു. ടി.പി. ചന്ദ്രശേഖരൻ വധക്കേസിലെ ഒന്നാം പ്രതി എം.സി. അനൂപിന് കഴിഞ്ഞ ദിവസം 20 ദിവസത്തെ പരോൾ അനുവദിച്ചതിന് പിന്നാലെയാണ് പെരിയ കേസ് പ്രതികളും പുറത്തിറങ്ങുന്നത്.
2019 ഫെബ്രുവരി 17-നാണ് കാസർകോട് പെരിയ കല്യോട്ടെ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലിനെയും കൃപേഷിനെയും സി.പി.എം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയത്. കേരള മനസ്സാക്ഷിയെ നടുക്കിയ ഈ കൊലപാതക കേസിൽ സി.പി.എം പ്രാദേശിക നേതാക്കൾ ഉൾപ്പെടെയുള്ളവരാണ് പ്രതിപ്പട്ടികയിലുള്ളത്. സി.ബി.ഐ ആണ് നിലവിൽ ഈ കേസ് അന്വേഷിക്കുന്നത്.