കോഴിക്കോട്: പേരാമ്പ്രയിലെ സംഘർഷവുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നേരിട്ട രണ്ട് ഡിവൈഎസ്പിമാർക്ക് സ്ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാർ, വടകര ഡിവൈഎസ്പി ആർ. ഹരിപ്രസാദ് എന്നിവരെയാണ് സ്ഥലം മാറ്റിയത്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിവൈഎസ്പിമാരുടെ പൊതു സ്ഥലംമാറ്റത്തിന്റെ ഭാഗമായാണ് നടപടി.(Perambra clash, 2 accused DYSPs transferred)
പേരാമ്പ്ര ഡിവൈഎസ്പി സുനിൽകുമാറിനെ ക്രൈം ബ്രാഞ്ചിലേക്കാണ് സ്ഥലം മാറ്റിയത്. വടകര ഡിവൈഎസ്പി ഹരിപ്രസാദിനെ കോഴിക്കോട് മെഡിക്കൽ കോളേജ് എ.സി.പി ആയും നിയമിച്ചു.
പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ്റെ പ്രതികരണം
സംഘർഷത്തിൽ കണ്ണീർവാതക ഷെൽ വീണ് മുഖത്ത് ഗുരുതരമായി പരിക്കേറ്റ കോൺഗ്രസ് പ്രവർത്തകൻ നിയാസ് സംഭവത്തിൽ പോലീസിന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ചു. യു.ഡി.എഫ്. പ്രകടനം കടന്നുപോകാൻ അനുവദിക്കില്ലെന്ന പോലീസിന്റെ പിടിവാശിയാണ് സംഘർഷത്തിലേക്ക് കാര്യങ്ങൾ എത്തിച്ചതെന്ന് നിയാസ് ആരോപിച്ചു. തന്റെ മുഖത്തിന്റെ വലത് ഭാഗത്താണ് ഷെൽ വീണ് പൊട്ടിയതെന്നും, ജീവൻ പോയെന്ന് പോലും ഭയപ്പെട്ടു എന്നും നിയാസ് പറഞ്ഞു. നിലവിൽ വലത് കണ്ണിന് കാഴ്ചാ പ്രശ്നങ്ങളുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസങ്ങൾ നീണ്ട ആശുപത്രി വാസത്തിന് ശേഷം ഇന്നാണ് നിയാസ് ആശുപത്രി വിട്ടത്. നിയാസിന്റെ മൂക്കിന്റെ എല്ലുകൾക്കും കണ്ണിനുമാണ് സാരമായി പരിക്കേറ്റതെന്ന് ചികിത്സിച്ച ഡോക്ടർ സെബിൻ വി. തോമസ് അറിയിച്ചു. ശസ്ത്രക്രിയയിലൂടെ എല്ലുകൾക്കുണ്ടായ തകരാറുകൾ പരിഹരിക്കാൻ സാധിച്ചതായും ഡോക്ടർ വ്യക്തമാക്കി.