കുഞ്ഞ് പര്‍ഷാജിനിക്ക് താങ്ങായി കിംസ്‌ഹെല്‍ത്തിലെ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം; കുഞ്ഞ് ഹൃദയത്തില്‍ നിന്നൊരു വലിയ നന്ദി | Pediatric Cardiac Surgery

കുഞ്ഞ് പര്‍ഷാജിനിക്ക് താങ്ങായി കിംസ്‌ഹെല്‍ത്തിലെ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം; കുഞ്ഞ് ഹൃദയത്തില്‍ നിന്നൊരു വലിയ നന്ദി | Pediatric Cardiac Surgery
Updated on

ജന്മനാ ഉള്ള ഹൃദയ വൈകല്യത്താല്‍ ഗുരുതരാവസ്ഥയിലായിരുന്ന, നാല് മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ആശ്വാസമായി കിംസ്‌ഹെല്‍ത്തിലെ പീഡിയാട്രിക് കാർഡിയാക് സർജറി വിഭാഗം. ഹൃദയ അറകളുടെ ഭിത്തിയില്‍ 7 മില്ലിമീറ്ററോളം വലുപ്പമുണ്ടായിരുന്ന ദ്വാരത്താല്‍ പ്രയാസമനുഭവിച്ചിരുന്ന പെണ്‍കുഞ്ഞിലാണ് ഹൃദയശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കിയത്.

വര്‍ഷങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് തമിഴ്നാട് സ്വദേശികളായ ദമ്പതികള്‍ക്ക് പര്‍ഷാജിനി ആര്‍.എസ്. എന്ന പെണ്‍കുഞ്ഞ് ജനിക്കുന്നത്. എന്നാല്‍, ഹൃദയത്തിലെ പ്രധാന അറകളായ വെന്‍ട്രിക്കിളുകളെ വേര്‍തിരിക്കുന്ന ഭിത്തിയില്‍ ഒരു സുഷിരവുമായാണ് കുട്ടി ജനിച്ചത് (വെന്‍ട്രികുലാര്‍ സെപ്റ്റല്‍ ഡിഫക്റ്റ്). പൊതുവെ സങ്കീര്‍ണ്ണമല്ലാത്ത ഹൃദയവൈകല്യങ്ങളില്‍ ഒന്നാണിത്. ചെറിയ ദ്വാരമാണെങ്കില്‍ അത് തനിയെ അടഞ്ഞുപോകാറുണ്ട്, കുട്ടികളില്‍ യാതൊരു ലക്ഷണവും കാണുകയുമില്ല. എന്നാല്‍, പര്‍ഷാജിനിയുടെ ഹൃദയത്തിലെ 7 മില്ലിമീറ്റര്‍ വലിപ്പമുണ്ടായിരുന്ന ദ്വാരം കുഞ്ഞിന് ശ്വാസമെടുക്കാനുള്ള ബുദ്ധിമുട്ട്, ഭാരക്കുറവ്, തുടര്‍ച്ചയായ അണുബാധകള്‍ തുടങ്ങിയവയ്ക്ക് കാരണമായി.

സാധാരണഗതിയില്‍ ഹൃദയത്തിന്റെ വലത്തേ അറയില്‍ നിന്ന് ഓക്സിജന്‍ ഇല്ലാത്ത രക്തം ശ്വാസകോശത്തിലേക്ക് പമ്പ് ചെയ്യും. ഇടത്തേ അറയില്‍ നിന്ന് ഓക്സിജനോട് കൂടിയ രക്തം ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്കും. എന്നാല്‍, വെന്‍ട്രിക്കുലാര്‍ സെപ്റ്റല്‍ ഡിഫെക്റ്റ് ഉള്ള കുട്ടികളില്‍ ഹൃദയത്തിന്റെ ഇടത്തേ അറയില്‍ നിന്ന് രക്തം വലത്തേ അറയിലേക്ക് ഒഴുകുകയും അവിടെനിന്ന് ശ്വാസകോശത്തിലേക്ക് എത്തുകയും ചെയ്യും. ഇങ്ങനെ ഒഴുകുന്ന അമിത രക്തം ഹൃദയത്തിന്റെയും ശ്വാസകോശത്തിന്റെയും ജോലി ഭാരം കൂട്ടും. ഇതേ നില തുടരുന്നത് ഹൃദയസ്തംഭനം, ശ്വാസകോശത്തിലെ ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, ക്രമരഹിതമായ ഹൃദയമിടിപ്പ് തുടങ്ങി പല സങ്കീര്‍ണാവസ്ഥകളിലേക്കും നയിക്കും.

മറ്റ് പല ആശുപത്രികളിലും ചികിത്സ തേടിയിട്ടും ഫലം കാണാതെയാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി തിരുവനന്തപുരത്തേക്ക് എത്തുന്നത്. നാലാം മാസത്തില്‍ ശരാശരി 5 മുതല്‍ 8 കിലോ വരെ ഭാരമുണ്ടാവേണ്ട സാഹചര്യത്തില്‍ 3.5 കിലോഗ്രാം മാത്രം ഭാരമുണ്ടായിരുന്ന കുഞ്ഞിന്റെ ആരോഗ്യനില കണക്കിലെടുത്ത് കിംസ്‌ഹെല്‍ത്തിലെ പീഡിയാട്രിക് കാര്‍ഡിയാക് സര്‍ജറി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സൗമ്യ രമണന്‍ വിയുടെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം നാല് മണിക്കൂറോളം നീണ്ട ശസ്ത്രക്രിയ മുഖേന, ഹാര്‍ട്ട്-ലങ് മെഷീന്റെ സഹായത്തോടെ കുഞ്ഞിന്റെ ഹൃദയം ഇരുപത് മിനിറ്റ് നേരത്തേക്ക് താത്കാലികമായി നിര്‍ത്തിവെച്ച് പ്രത്യേകം തയ്യാറാക്കിയ പാച്ച് ഉപയോഗിച്ച് ദ്വാരം പൂര്‍ണ്ണമായും അടച്ച് രക്തയോട്ടം പൂര്‍ണ്ണസ്ഥിതിയിലാക്കി.

ശസ്ത്രക്രിയയ്ക്ക് ശേഷം 24 മണിക്കൂറോളം വെന്റിലേറ്റര്‍ സഹായത്തിലായിരുന്ന കുഞ്ഞ് അതിവേഗം സുഖം പ്രാപിക്കുകയും, ആറാം ദിവസം ആശുപത്രി വിടുകയും ചെയ്തു. പീഡിയാട്രിക് കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സുള്‍ഫിക്കര്‍ അഹമ്മദ് എം, കണ്‍സള്‍ട്ടന്റ് ഡോ. വെങ്കിടേഷ് എം, കാര്‍ഡിയോ-തൊറാസിക് അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. സുഭാഷ് എസ്, പീഡിയാട്രിക് കാര്‍ഡിയോ-തൊറാസിക് അനസ്‌തേഷ്യ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. നയന നെമാനി, പീഡിയാട്രിക് ക്രിട്ടിക്കൽ കെയര്‍ വിഭാഗം കണ്‍സള്‍ട്ടന്റ് ഡോ. ഷിജു കുമാര്‍, അസോസിയേറ്റ് കണ്‍സള്‍ട്ടന്റ് ഡോ. ദിവാകര്‍ ജോസ് ആര്‍.ആര്‍. എന്നിവരും ചികിത്സയുടെ ഭാഗമായി.

Related Stories

No stories found.
Times Kerala
timeskerala.com