

ലോക സ്ട്രോക്ക് ദിനത്തോടനുബന്ധിച്ച്, പൊതുജങ്ങൾക്കിടയിൽ അവബോധം വളർത്തുന്നതിനും ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനുമായി 'പെഡൽ ഫോർ ഫാസ്റ്റ്' സൈക്ലത്തോണുമായി കിംസ്ഹെൽത്ത്. കോസ്മോസ്, സൈക്ലോ ട്രിവിയൻസ്, ഇൻഡസ് സൈക്ലിംഗ് എംബസി എന്നിവരുമായി ചേർന്ന് തിരുവനന്തപുരത്ത് സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയിൽ 250-ഓളം സൈക്കിളിസ്റ്റുകൾ പങ്കെടുത്തു.
അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ്, തിരുവനന്തപുരം റൂറൽ, ദിനിൽ ജെ.കെ സൈക്ലത്തോൺ ഫ്ലാഗ് ഓഫ് ചെയ്തു. അനുദിനം വർധിച്ചു വരുന്ന സ്‌ട്രോക്ക് രോഗികളുടെ എണ്ണം മുൻനിർത്തി, പൊതുജനങ്ങൾക്കിടയിൽ സ്‌ട്രോക്കിനെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കേണ്ടത് പ്രധാനമാണെന്നും അനാരോഗ്യകരമായ ജീവിതശൈലിയും ഭക്ഷണരീതികളും സ്ട്രോക്ക് വർധിക്കുന്നതിന്റെ പ്രധാന കാരണമാണെന്നും അദ്ദേഹം പറഞ്ഞു.
സമയമാണ് സ്ട്രോക്ക് പരിചരണത്തിൽ ഏറ്റവും നിർണായക ഘടകമെന്നും കൃത്യമസയത്ത് വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുന്നതിലൂടെ രോഗം ഭേദമാക്കാൻ സാധിക്കുമെന്നും കിംസ്ഹെൽത്ത് ന്യൂറോളജി വിഭാഗം സീനിയർ കൺസൾട്ടന്റും ഗ്രൂപ്പ് കോർഡിനേറ്ററുമായ ഡോ. ശ്യാംലാൽ എസ്. സ്ട്രോക്ക് ദിന സന്ദേശത്തിൽ പറഞ്ഞു.
ചടങ്ങിൽ കിംസ്ഹെൽത്ത് സഹസ്ഥാപകൻ ഇ.എം നജീബ് അധ്യക്ഷ പ്രസംഗം നടത്തി. ന്യൂറോളജി വിഭാഗം കൺസൾട്ടന്റ് ഡോ. അശോക് വി.പി, ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ വിഭാഗം കൺസൾട്ടന്റ് ഡോ. നിത ജെ., കിംസ്ഹെൽത്ത് ഹെൽത്ത്കെയർ പ്രൊമോഷൻസ് ആൻഡ് റവന്യൂ സൈക്കിൾ മാനേജ്‌മന്റ് ഗ്രൂപ്പ് ഹെഡ് വിനോദ് വൈ.ആർ, കോസ്മോസ്, സൈക്ലോ ട്രിവിയൻസ്, ഇൻഡസ് സൈക്ലിംഗ് എംബസി പ്രതിനിധികൾ എന്നിവരും ചടങ്ങിന്റെ ഭാഗമായി. മാനവീയം വീഥിയിൽ നിന്നാരംഭിച്ച സൈക്ലത്തോൺ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ സഞ്ചരിച്ച് സ്റ്റാർട്ടിംഗ് പോയിന്റിൽ തന്നെയെത്തി അവസാനിച്ചു.