കണ്ണൂർ: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിന് പിന്നാലെ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടയിലുണ്ടായ സംഘർഷത്തിൽ പോലീസ് കർശന നടപടി തുടങ്ങി. ബി.ജെ.പി, കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ സി.പി.എം ഏരിയ സെക്രട്ടറി പി. സന്തോഷ് കുമാർ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്.(Payyanur clash, Police register 5 cases in total)
ബി.ജെ.പി പ്രവർത്തകരുടെ പരാതിയിൽ എട്ട് സി.പി.എം പ്രവർത്തകർക്കെതിരെയും കണ്ടാലറിയാവുന്ന പത്തുപേർക്കെതിരെയും കേസെടുത്തു. ഇതിൽ ഒന്നാം പ്രതി ഏരിയ സെക്രട്ടറി പി. സന്തോഷ് കുമാറാണ്. കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവത്തിൽ എട്ട് പേർക്കെതിരെയും പോലീസ് കേസെടുത്തിട്ടുണ്ട്.
മൂന്ന് പ്രധാന രാഷ്ട്രീയ പാർട്ടികൾക്കും എതിരെ അന്യായമായി പ്രകടനം നടത്തിയതിന് കേസുണ്ട്. ഇതിൽ പാർട്ടികളുടെ ഭാരവാഹികളും പ്രവർത്തകരും ഉൾപ്പെടെ 50-ഓളം പേർ പ്രതിപ്പട്ടികയിലുണ്ട്. സംഘർഷങ്ങളുമായി ബന്ധപ്പെട്ട് ആകെ അഞ്ച് കേസുകളാണ് പയ്യന്നൂർ പോലീസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.