

കണ്ണൂർ: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് വിവാദത്തിൽ പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ കോൺഗ്രസും ബി.ജെ.പി.യും നടത്തിയ പ്രതിഷേധ മാർച്ചുകൾ സംഘർഷത്തിൽ കലാശിച്ചു. സി.പി.എം പ്രവർത്തകർ മാർച്ചുകൾക്ക് നേരെ നടത്തിയ ആക്രമണത്തിൽ ഒമ്പത് പേർക്ക് പരിക്കേറ്റു. ഇവരെ വിവിധ ആശുപത്രികളിൽ പ്രവേശിച്ചു.
വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തൽ പാർട്ടിയെ വെട്ടിലാക്കിയതോടെ പയ്യന്നൂർ മേഖലയിൽ അദ്ദേഹത്തിനെതിരെ സി.പി.എം വ്യാപകമായി പോസ്റ്ററുകൾ പതിച്ചിട്ടുണ്ട്. പാർട്ടിയെ ഒറ്റിക്കൊടുത്ത് 'വിശുദ്ധനാകാൻ' ശ്രമിക്കുന്നു എന്നാണ് പോസ്റ്ററുകളിലെ ആരോപണം.
സാമ്പത്തിക തട്ടിപ്പ് ആരോപണം ഉന്നയിച്ചതിൽ കുഞ്ഞികൃഷ്ണൻ പാർട്ടി കമ്മിറ്റിയിൽ മാപ്പ് പറഞ്ഞുവെന്ന് സി.പി.എം ജില്ലാ നേതൃത്വം പ്രചരിപ്പിക്കുന്നുണ്ടെങ്കിലും ഇത് കുഞ്ഞികൃഷ്ണൻ പാടെ തള്ളി. തന്റെ പക്കൽ കൃത്യമായ തെളിവുണ്ടെന്നും അതിന് മറുപടി പറയാൻ നേതൃത്വം തയ്യാറാകണമെന്നും അദ്ദേഹം ആവർത്തിച്ചു.
ഫണ്ട് തട്ടിപ്പ് ഉണ്ടായിട്ടില്ലെന്നും കണക്കുകൾ സമർപ്പിക്കുന്നതിൽ ഉണ്ടായ സാങ്കേതികമായ വീഴ്ച മാത്രമാണിതെന്നുമാണ് സി.പി.എം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ഉൾപ്പെടെയുള്ളവരുടെ നിലപാട്.
ഒരു രക്തസാക്ഷിയുടെ പേരിൽ സമാഹരിച്ച തുക പോലും വകമാറ്റിയതിലൂടെ എം.എൽ.എയ്ക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ലെന്ന് കോൺഗ്രസും ബി.ജെ.പി.യും ആരോപിക്കുന്നു. വരും ദിവസങ്ങളിൽ സംസ്ഥാന വ്യാപകമായി പ്രതിഷേധം വ്യാപിപ്പിക്കാനാണ് പ്രതിപക്ഷ നീക്കം.