

കണ്ണൂർ: പയ്യന്നൂർ എം.എൽ.എ ടി.ഐ. മധുസൂദനനെതിരെ ഗുരുതരമായ സാമ്പത്തിക അഴിമതി ആരോപണങ്ങളുമായി സി.പി.എം ജില്ലാ കമ്മിറ്റിയംഗം വി. കുഞ്ഞികൃഷ്ണൻ രംഗത്ത്. രക്തസാക്ഷി ഫണ്ട്, തിരഞ്ഞെടുപ്പ് ഫണ്ട്, കെട്ടിട നിർമ്മാണ ഫണ്ട് എന്നിവയിൽ വ്യാപകമായ വെട്ടിപ്പ് നടന്നുവെന്നാണ് ഒരു ചാനൽ അഭിമുഖത്തിൽ അദ്ദേഹം വെളിപ്പെടുത്തിയത്.
കൊല്ലപ്പെട്ട ധനരാജിന്റെ കുടുംബത്തിനായി പിരിച്ച ഒരു കോടിയോളം രൂപയിൽ വൻ ക്രമക്കേട് നടന്നുവെന്ന് കുഞ്ഞികൃഷ്ണൻ ആരോപിക്കുന്നു. ഇതിൽ 5 ലക്ഷം രൂപ ഏരിയ സെക്രട്ടറിയുടെ വ്യക്തിഗത അക്കൗണ്ടിലേക്ക് മാറ്റിയെന്നും, വിവാദമായപ്പോഴാണ് കടബാധ്യത തീർക്കാൻ തയ്യാറായതെന്നും അദ്ദേഹം പറഞ്ഞു.
20 പേരിൽ നിന്നായി പിരിച്ച 23 ലക്ഷം രൂപയിൽ പകുതിയോളം തുകയുടെ കണക്ക് രേഖപ്പെടുത്തിയിട്ടില്ല. റിയൽ എസ്റ്റേറ്റ് മാഫിയയുമായി ചേർന്നാണ് ഈ പിരിവ് നടത്തിയത്. പാർട്ടി ഓഫീസ് നിർമ്മാണത്തിന്റെ പേരിൽ 70 ലക്ഷം രൂപയുടെ വെട്ടിപ്പ് നടന്നതായും ആരോപണമുണ്ട്.
ഈ ക്രമക്കേടുകൾ പാർട്ടിക്കുള്ളിൽ ഉന്നയിച്ചപ്പോൾ അന്വേഷണ കമ്മീഷനെ വെച്ച് തട്ടിപ്പിനെ 'വെള്ളപൂശാനാണ്' നേതൃത്വം ശ്രമിച്ചതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. കണക്കുകൾ അവതരിപ്പിക്കാൻ വൈകിയതാണെന്ന പാർട്ടിയുടെ വാദം ജനങ്ങളെ പറ്റിക്കാനാണെന്നും അദ്ദേഹം തുറന്നടിച്ചു.
നേരത്തെ ഈ അഴിമതി ആരോപണങ്ങൾ ഉന്നയിച്ചതിനെത്തുടർന്ന് വി. കുഞ്ഞികൃഷ്ണനെ പയ്യന്നൂർ ഏരിയ സെക്രട്ടറി സ്ഥാനത്തുനിന്ന് പാർട്ടി നീക്കിയിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പരസ്യ പ്രതികരണവുമായി അദ്ദേഹം രംഗത്തെത്തിയത് കണ്ണൂരിലെ പാർട്ടി നേതൃത്വത്തിന് വലിയ തലവേദനയായിരിക്കുകയാണ്. മാധ്യമങ്ങൾക്കെതിരെ വക്കീൽ നോട്ടീസ് അയച്ച് സത്യം മൂടിവെക്കാനാണ് എം.എൽ.എ ശ്രമിക്കുന്നതെന്നും കുഞ്ഞികൃഷ്ണൻ പറഞ്ഞു.