അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ, ബ്ലാസ്റ്റ്!; മമ്മൂട്ടി - മോഹൻലാൽ - മഹേഷ് നാരായണൻ - ആൻ്റോ ജോസഫ് ചിത്രം "പാട്രിയറ്റ്" ടൈറ്റിൽ ടീസർ പുറത്ത് | Patriot title teaser

അവർ വീണ്ടും ചേർന്നാൽ എന്താവും എന്ന് പറയണ്ടല്ലോ, ബ്ലാസ്റ്റ്!; മമ്മൂട്ടി - മോഹൻലാൽ - മഹേഷ് നാരായണൻ - ആൻ്റോ ജോസഫ് ചിത്രം "പാട്രിയറ്റ്" ടൈറ്റിൽ ടീസർ പുറത്ത് | Patriot title teaser
Published on

മലയാളത്തിൻ്റെ മഹാനടന്മാരായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മഹേഷ് നാരായണൻ ഒരുക്കുന്ന മൾട്ടിസ്റ്റാർ ചിത്രത്തിന്റെ ടൈറ്റിൽ ടീസർ പുറത്ത്. "പാട്രിയറ്റ്" എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവർക്കൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻ‌താര, രേവതി എന്നിവർ ആണ് ചിത്രത്തിലെ പ്രധാന വേഷങ്ങൾ ചെയ്യുന്നത്. ഇവരെ കേന്ദ്രീകരിച്ചാണ് ചിത്രത്തിൻ്റെ ടീസറും ഒരുക്കിയിരിക്കുന്നത്. ചിത്രം നിർമ്മിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്. സി ആർ സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആര്‍.സലിം, സുഭാഷ് ജോര്‍ജ് മാനുവല്‍ എന്നിവരാണ് ചിത്രത്തിൻ്റെ സഹ നിർമ്മാണം നിർവഹിക്കുന്നത്. സി.വി.സാരഥിയും രാജേഷ് കൃഷ്ണയുമാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍മാര്‍.

മലയാളത്തിലെ ഏറ്റവും വലിയ ചിത്രമായി ഒരുക്കുന്ന ഈ പ്രൊജക്ടിൻ്റെ ഓരോ ഫ്രെയിമും ചിത്രത്തിൻ്റെ ബ്രഹ്മാണ്ഡ കാൻവാസ് പ്രേക്ഷകർക്ക് മുന്നിലെത്തിക്കുന്നുണ്ട്. അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ചിത്രത്തിലെ ദൃശ്യങ്ങൾ ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്നുണ്ട്. മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെ ഗംഭീര ആക്ഷൻ രംഗങ്ങൾ ചിത്രത്തിൻ്റെ ഹൈലൈറ്റ് ആയി മാറുമെന്നാണ് ടീസർ നൽകുന്ന സൂചന. ഇരുവരുടെയും അമ്പരപ്പിക്കുന്ന മാസ്സ് അപ്പീലിനൊപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിവരും ചേരുമ്പോൾ ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ മാസ്സ് ആക്ഷൻ ചിത്രങ്ങളിൽ ഒന്നായി മാറുകയാണ്. സുഷിൻ ശ്യാമിൻ്റെ ത്രസിപ്പിക്കുന്ന പശ്ചാത്തല സംഗീതവും മാനുഷ് നന്ദൻ ഒരുക്കിയ തകർപ്പൻ ദൃശ്യങ്ങളും ടീസറിൻറെ മാറ്റ് വർധിപ്പിക്കുന്നുണ്ട്. പശ്ചാത്തല സംഗീതത്തിലൂടെ സുഷിൻ ശ്യാം ഒരിക്കൽ കൂടി ആരാധകരെ ആവേശം കൊള്ളിക്കുമ്പോൾ, ചിത്രത്തിൻ്റെ പ്രൊഡക്ഷൻ ഡിസൈൻ, കളറിംഗ് എന്നിവയുടെ അമ്പരപ്പിക്കുന്ന നിലവാരവും ടീസറിൽ നിന്ന് വ്യക്തമാകുന്നുണ്ട്.

അതോടൊപ്പം തന്നെ ചിത്രത്തിൻ്റെ കലാസംവിധാനം, കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങൾ ഒരുക്കിയ ലൊക്കേഷനുകൾ എന്നിവയും പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട്. ഷാജി നടുവിൽ, ജിബിൻ ജേക്കബ് എന്നിവർ ചേർന്ന് നിർവഹിച്ച പ്രൊഡക്ഷൻ ഡിസൈൻ പ്രത്യേക പരാമർശം അർഹിക്കുന്നുണ്ട്. മലയാള സിനിമ ഇതുവരെ കാണാത്ത തരത്തിലുള്ള മാസ്സ് ദൃശ്യ വിരുന്ന് ആയിരിക്കും ചിത്രം സമ്മാനിക്കുക എന്ന ഫീൽ ആണ് ടീസർ നൽകുന്നത്. ടീസറിലെ ഡയലോഗുകളും പ്രേക്ഷകർക്ക് രോമാഞ്ചം സമ്മാനിക്കുന്നു. ഇന്ത്യൻ സിനിമയുടെ ഇതിഹാസങ്ങളായ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ അതിൻ്റെ എല്ലാ പ്രൗഢിയോടും കൂടി അവതരിപ്പിക്കുന്ന ചിത്രമായിരിക്കും "പാട്രിയറ്റ്" എന്ന സൂചനയാണ് ടൈറ്റിൽ ടീസർ നൽകുന്നത്.

ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത് സംവിധായകൻ മഹേഷ് നാരായണൻ തന്നെയാണ്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക് എന്നിവിടങ്ങളിൽ ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രത്തിൻ്റെ ഹൈദരാബാദ് ഷെഡ്യൂൾ ഇപ്പൊൾ പുരോഗമിക്കുകയാണ്. കൊച്ചിയിലും യുകെയിലും ചിത്രത്തിന് ചിത്രീകരണം ബാക്കിയുണ്ട്. ഒരു വലിയ ഇടവേളക്ക് ശേഷം മമ്മൂട്ടി - മോഹൻലാൽ ടീം ഒന്നിച്ചഭിനയിക്കുന്ന ഈ ചിത്രത്തിലെ മമ്മൂട്ടി - മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങൾ കൊച്ചിയിൽ വെച്ച് ചിത്രീകരിക്കും.

ജിനു ജോസഫ്, രാജീവ് മേനോന്‍, ഡാനിഷ് ഹുസൈന്‍, ഷഹീന്‍ സിദ്ദിഖ്, സനല്‍ അമന്‍, ദര്‍ശന രാജേന്ദ്രന്‍, സെറീന്‍ ഷിഹാബ് തുടങ്ങിയവര്‍ക്കൊപ്പം മദ്രാസ് കഫേ, പത്താന്‍ തുടങ്ങിയവയിലൂടെ ശ്രദ്ധേയനായ തീയറ്റര്‍ ആര്‍ട്ടിസ്റ്റും സംവിധായകനുമായ പ്രകാശ് ബെലവാടിയും ചിത്രത്തിന്റെ താരനിരയിലുണ്ട്. 2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ട്രൂത്ത് ഗ്ലോബൽ ഫിലിംസ് ആണ് ചിത്രത്തിൻ്റെ ഓവർസീസ് പാർട്ണർ.

ഛായാഗ്രഹണം - മാനുഷ് നന്ദൻ, സംഗീതം - സുഷിൻ ശ്യാം, എഡിറ്റിംഗ് - മഹേഷ് നാരായണൻ, രാഹുൽ രാധാകൃഷ്ണൻ, പ്രൊഡക്ഷന്‍ ഡിസൈനര്സ്: ഷാജി നടുവിൽ, ജിബിൻ ജേക്കബ്, ഓഡിയോഗ്രാഫി - വിഷ്ണു ഗോവിന്ദ്, പ്രൊഡക്ഷന്‍ കൺട്രോളർ -ഡിക്‌സണ്‍ പൊടുത്താസ്, ലൈൻ പ്രൊഡ്യൂസേഴ്സ് - സുനിൽ സിങ്, നിരൂപ് പിൻ്റോ, ജസ്റ്റിൻ ബോബൻ, ജെസ്‌വിൻ ബോബൻ, സിങ്ക് സൗണ്ട് - വൈശാഖ് പി വി, മേക്കപ്പ് - രഞ്ജിത് അമ്പാടി, ലിറിക്സ് - അൻവർ അലി, സംഘട്ടനം - ദിലീപ് സുബ്ബരായൻ, സ്റ്റണ്ട് സിൽവ, മാഫിയ ശശി, റിയാസ് ഹബീബ്, കോസ്റ്റിയൂം ഡിസൈൻ - ധന്യ ബാലകൃഷ്ണന്‍, നൃത്ത സംവിധാനം - ഷോബി പോൾരാജ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ലിനു ആന്റണി, അസോസിയേറ്റ് ഡയറക്ടര്‍: ഫാന്റം പ്രവീണ്‍, സ്റ്റിൽസ് - നവീൻ മുരളി, വിഎഫ്എക്സ് - ഫയർഫ്ലൈ, എഗ്ഗ് വൈറ്റ്, ഐഡൻ്റ് വിഎഫ്എക്സ് ലാബ്, ഡി ഐ കളറിസ്റ്റ് - ആശീർവാദ് ഹദ്കർ, പബ്ലിസിറ്റി ഡിസൈൻ - എയ്സ്തെറ്റിക്ക് കുഞ്ഞമ്മ, പിആർഓ: വൈശാഖ് സി വടക്കേവീട്, ജിനു അനിൽകുമാർ. ചിത്രം ആന്‍ മെഗാ മീഡിയ പ്രദര്‍ശനത്തിനെത്തിക്കും.

Related Stories

No stories found.
Times Kerala
timeskerala.com