

കോഴിക്കോട്: പതിനാലുകാരന്റെ ചികത്സക്കായി മൂന്ന് കോടി പിരിച്ചുനൽകിയ ചാരിറ്റി പ്രവർത്തകന് ഇന്നോവ കാർ സമ്മാനിച്ച് രോഗിയുടെ കുടുംബം. മലപ്പുറം കൊണ്ടോട്ടിയിലാണ് സംഭവം നടന്നത്. സംഭവം വിവാദമായതോടെ കാർ തിരിച്ചുനൽകി. എസ്.എം.എ ബാധിതനായ കൊണ്ടോട്ടി മുതുവല്ലൂരിലെ പതിനാലുകാരൻ ഷാമിലിന്റെ ചികത്സക്കായാണ് ഷമീർ പണം പിരിച്ച് നല്‍കിയത്.
സമൂഹമാധ്യമങ്ങളിലൂടെ ചാരിറ്റി പ്രവർത്തനങ്ങൾ നടത്തുന്ന ഷമീർ കുന്ദമംഗലത്തിനാണ് കാർ നൽകിയത്. ഫെബ്രുവരി 27ന് കൊണ്ടോട്ടി മുണ്ടക്കുളത്ത് നടന്ന ചടങ്ങില്‍ നാട്ടുകാര്‍ ഷെമീര്‍ കുന്നമംഗലത്തെ ആദരിച്ചു. ഈ ചടങ്ങില്‍ വച്ച് രോഗിയുടെ കുടുംബം ഷെമീറിന് ഒരു ഇന്നോവ ക്രിസ്റ്റ സമ്മാനമായി നല്‍കി. ചടങ്ങില്‍ കൊണ്ടോട്ടി എം.എല്‍.എ ടിവി ഇബ്രാഹിം അടക്കം പങ്കെടുത്തിരുന്നു.
എന്നാൽ, സാമ്പത്തിക ശേഷിയില്ലെന്ന് പ്രചരിപ്പിച്ച കുടുംബം എങ്ങനെ വില കൂടിയ കാര്‍ വാങ്ങി നല്‍കിയെന്ന ചോദ്യം ഉയർന്നതോടെ ചാരിറ്റി പ്രവർത്തകനും സംഘാടകരും കുടുങ്ങുകയായിരുന്നു.