അമ്പലപ്പുഴ : ആലപ്പുഴ ഗവൺമെന്‍റ് ദന്തൽ കോളജ് ആശുപത്രിയിലെ സീലിങ് അടർന്നു വീണ് രോഗിക്ക് പരിക്ക്. ആറാട്ടുപുഴ വലിയഴീക്കൽ തറയിൽ കടവ് സ്വദേശിനി ഹരിതയ്ക്കാണ് (29) അപകടത്തിൽ പരിക്കേറ്റത്. ഒപ്പമുണ്ടായിരുന്ന ഏഴ് വയസുകാരി അതിഥി പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അടുത്തിടെ ഉദ്ഘാടനം കഴിഞ്ഞ ദന്തൽ കോളജിലെ പല്ലിന്‍റെ എക്സ്റേ വിഭാഗത്തിൽ തിങ്കളാഴ്ച പകൽ 12 ഓടെയായിരുന്നു തകർന്നത്.ഇരുവരും എക്സ്റേ എടുക്കാൻ കാത്തുനിൽക്കുമ്പോൾ ജിപ്സം ബോർഡ് കൊണ്ട് നിർമിച്ച സീലിങ്ങിന്റെ ഒരു ഭാഗം അടർന്നു വീഴുകയായിരുന്നു.
രണ്ട് അടി നീളവും വീതിയുമുള്ള ജിപ്സം ബോർഡ് എട്ടടിയോളം ഉയരത്തിൽ നിന്ന് പൊളിഞ്ഞ് ഹരിതയുടെ തലയിൽ പതിച്ചു. ഉടൻതന്നെ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ ചേർന്ന് ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചു. ഹരിതയുടെ തലയ്ക്ക് ക്ഷതം ഏറ്റിട്ടുണ്ട്.