6 ദിവസമായിട്ടും ആൻജിയോഗ്രാം ചെയ്തില്ല: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ചു, ശബ്‌ദ സന്ദേശം പുറത്ത് | Medical negligence

കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്നു വേണു.
6 ദിവസമായിട്ടും ആൻജിയോഗ്രാം ചെയ്തില്ല: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗി മരിച്ചു, ശബ്‌ദ സന്ദേശം പുറത്ത് | Medical negligence
Published on

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗുരുതരമായ ചികിത്സാ അനാസ്ഥയെ തുടർന്ന് രോഗിക്ക് ജീവൻ നഷ്ടമായതായി പരാതി. കൊല്ലം പന്മന സ്വദേശിയായ വേണു (ഓട്ടോ ഡ്രൈവർ) ആണ് അടിയന്തര ആൻജിയോഗ്രാം നിർദ്ദേശിച്ചിട്ടും ആറ് ദിവസമായിട്ടും പരിശോധന ലഭിക്കാതെ ഇന്നലെ രാത്രി ഹൃദയാഘാതം മൂലം മരിച്ചത്.(Patient dies at Thiruvananthapuram Medical College, alleged medical negligence)

ചികിത്സ ലഭിക്കാതെ ദിവസങ്ങളോളം കാത്തിരുന്ന ദുരിതം വിവരിക്കുന്ന വേണുവിൻ്റെ ശബ്ദസന്ദേശം പുറത്തായിരുന്നു. മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് സുഹൃത്തിന് അയച്ചതാണ് ഇത്. ആശുപത്രിയിലെ അനാസ്ഥയിൽ കടുത്ത ദുരിതവും അമർഷവും രേഖപ്പെടുത്തുന്നതാണ് വേണുവിൻ്റെ ശബ്ദസന്ദേശം.

"വെള്ളിയാഴ്ച രാത്രിയാണ് ഞാൻ ഇവിടെ എത്തിയത്. എമർജൻസി ആൻജിയോഗ്രാം ചെയ്യുന്നതിന് വേണ്ടി. ശനി, ഞായർ, തിങ്കൾ, ചൊവ്വ... ഇന്നേക്ക് ആറ് ദിവസം തികയുന്നു. എമർജൻസിയായി തിരുവനന്തപുരത്തേക്ക് പറഞ്ഞുവിട്ട ഒരു രോഗിയാണ് ഞാൻ. ഇവർ എൻ്റെ പേരിൽ കാണിക്കുന്ന ഈ ഉദാസീനതയും കാര്യപ്രാപ്തിയില്ലായ്മയും എന്താണെന്ന് മനസ്സിലാകുന്നില്ല. ചികിത്സ എപ്പോൾ നടക്കുമെന്ന് റൗണ്ട്‌സിന് വന്ന ഡോക്ടറോട് പലതവണ ചോദിച്ചു, അവർക്ക് അതിനെക്കുറിച്ച് യാതൊരു ഐഡിയയുമില്ല.ഇവരുടെ ഈ അലംഭാവം കൊണ്ട് എൻ്റെ ജീവന് എന്തെങ്കിലും ഒരു ഭീഷണിയോ ആപത്തോ സംഭവിച്ചാൽ പുറം ലോകത്തെ അറിയിക്കണമെന്നും ഇതിൽ പറയുന്നു.

കഴിഞ്ഞ ബുധനാഴ്ചയാണ് ഓട്ടോ ഡ്രൈവറായ വേണുവിന് നെഞ്ചുവേദന അനുഭവപ്പെട്ടത്. ചവറ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽനിന്ന് ജില്ലാ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയും അവിടെനിന്ന് അടിയന്തര ആൻജിയോഗ്രാമിനും തുടർ ചികിത്സയ്ക്കുമായി തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയുമായിരുന്നു.

ആറ് ദിവസം കഴിഞ്ഞിട്ടും ആൻജിയോഗ്രാം ചെയ്യാൻ ആശുപത്രി അധികൃതർ ഡേറ്റ് നൽകിയില്ലെന്നാണ് വേണുവിൻ്റെ സന്ദേശത്തിൽ പറയുന്നത്. വെള്ളിയാഴ്ച മാത്രമേ ആൻജിയോഗ്രാം ചെയ്യാൻ കഴിയുകയുള്ളൂ എന്ന നിർദ്ദേശവും അധികൃതർ നൽകി.

ഇന്നലെ രാത്രി 9 മണിയോടെ ഗുരുതരാവസ്ഥയിലായ വേണു ഹൃദയാഘാതത്തെ തുടർന്നാണ് മരിച്ചത്. കുടുംബത്തിൻ്റെ ഏക അത്താണിയായിരുന്നു വേണു. വലിയ തുക നൽകി സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാൻ പണമില്ലാത്തതിനാലാണ് സർക്കാർ ആശുപത്രിയെ ആശ്രയിച്ചതെന്ന് ബന്ധുക്കൾ പ്രതികരിച്ചു. വേണുവിൻ്റെ മൃതദേഹം നാട്ടിലെത്തിച്ചു.

Related Stories

No stories found.
Times Kerala
timeskerala.com