

കോട്ടയം: മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സാ പിഴവ് മൂലം രോഗി മരിച്ചെന്ന് പരാതി. ഗർഭാശയ സംബന്ധമായ പരിശോധനകൾക്കായി ആശുപത്രിയിൽ എത്തിയ കോതനല്ലൂർ സ്വദേശിനി ശാലിനി അംബുജാക്ഷൻ (49) ആണ് മരിച്ചത്. ആശുപത്രിയുടെ അനാസ്ഥയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ആരോപിച്ച് കുടുംബം പോലീസിൽ പരാതി നൽകി.(Patient dies at Kottayam Medical College, Family files police complaint alleging medical malpractice)
ഗർഭാശയ സംബന്ധമായ അസുഖത്തിന് ഒരു മാസം മുമ്പാണ് ശാലിനി മെഡിക്കൽ കോളേജിലെ ഗൈനക്കോളജി വിഭാഗത്തിൽ ചികിത്സ തേടിയത്. അന്ന് പ്രാഥമിക പരിശോധനകൾ നടത്തി.
വിശദമായ ഡിആൻഡ്സി (D&C) പരിശോധനയ്ക്കായി ഇക്കഴിഞ്ഞ ബുധനാഴ്ച രാവിലെ എത്താൻ ഡോക്ടർമാർ നിർദ്ദേശിച്ചു. മരുമകൾ മിഥിലയ്‌ക്കൊപ്പം ബുധനാഴ്ച പുലർച്ചെ ആശുപത്രിയിൽ എത്തിയ ശാലിനിക്ക് ഏഴ് മണിയോടെ പരിശോധനയുടെ ഭാഗമായുള്ള മരുന്ന് നൽകി. ഇതിനു പിന്നാലെയാണ് സ്ഥിതി വഷളായത്. ഉടൻതന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കും പിന്നീട് വെന്റിലേറ്ററിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ശാലിനിയുടെ ജീവൻ നഷ്ടപ്പെടാൻ കാരണം അമിതമായി മരുന്ന് നൽകിയതാണ് എന്നാണ് കുടുംബത്തിന്റെ ആരോപണം. ഇത് സംബന്ധിച്ച് ഗാന്ധിനഗർ പോലീസ് സ്റ്റേഷനിലും കടുത്തുരുത്തി സ്റ്റേഷനിലുമായി കുടുംബം പരാതി നൽകിയിട്ടുണ്ട്.
എന്നാൽ, ചികിത്സയിൽ പിഴവുകളൊന്നും സംഭവിച്ചിട്ടില്ലെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം. ഡിആൻഡ്സി പരിശോധനയ്ക്ക് മരുന്ന് നൽകിയതിന് തൊട്ടുപിന്നാലെ ശാലിനിക്ക് ആറ് തവണ ഹൃദയാഘാതം ഉണ്ടായെന്നും ഇതാണ് മരണകാരണമെന്നും ആശുപത്രി അധികൃതർ പറയുന്നു.
കുടുംബത്തിന്റെ ഗുരുതരമായ പരാതിയുടെ അടിസ്ഥാനത്തിൽ, സംഭവത്തെക്കുറിച്ച് സമഗ്ര അന്വേഷണം നടത്താൻ ആശുപത്രി സൂപ്രണ്ട് ഒരു ആഭ്യന്തര സമിതിയെ നിയോഗിച്ചിട്ടുണ്ട്.