
പാലക്കാട്: പാർട്ടിയുമായി പരസ്യമായി ഉടക്കിയതിന് പിന്നാലെ ബി.ജെ.പി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയ സി.പി.എം നേതാവ് എ. പത്മകുമാർ ഒരുകാരണവശാലും മറുകണ്ടം ചാടില്ലെന്ന് മുതിർന്ന സി.പി.എം നേതാവ് എ.കെ. ബാലൻ. ‘ഉറപ്പിച്ച് ഞാൻ പറയുന്നു, അദ്ദേഹം ഒരുരൂപത്തിലും മറുകണ്ടം ചാടില്ല, ഞാൻ ഇന്ന് രാവിലെ അദ്ദേഹവുമായി സംസാരിച്ചിരുന്നു’ -ചാനൽ ചർച്ചയിൽ ഇതേക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായി എ.കെ. ബാലൻ പറഞ്ഞു.
സി.പി.എം പത്തനംതിട്ട ജില്ല സെക്രട്ടേറിയറ്റ് അംഗവും മുൻ എം.എൽ.എയും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റുമായ എ. പത്മകുമാർ തന്നെ സംസ്ഥാന കമ്മിറ്റിയില്‍ ഉൾപ്പെടുത്താത്തതില്‍ അതൃപ്തി പരസ്യമാക്കി ഇന്നലെ രംഗത്തെത്തിയതിന് പിന്നാലെ, ബി.ജെ.പിയിലേക്ക് ചേക്കേറുമെന്ന് അഭ്യൂഹം സൃഷ്ടിച്ച് ബി.ജെ.പി നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയും നടത്തി.