പത്തനാപുരം: കൊല്ലം പത്തനാപുരം പിടവൂർ പുത്തൻകാവ് മഹാവിഷ്ണു ക്ഷേത്രത്തിൽ സപ്താഹ യജ്ഞത്തിനിടെ ഗുണ്ടാ നേതാവിന്റെ അഴിഞ്ഞാട്ടം. അൽസേഷ്യൻ നായയുമായെത്തി ഭീകരാന്തരീക്ഷം സൃഷ്ടിച്ച ദേവൻ എന്ന് വിളിക്കുന്ന സജീവ് ആണ് പോലീസിനെ ആക്രമിച്ചത്. അക്രമത്തിൽ സിവിൽ പോലീസ് ഓഫീസർ അനീഷ് മോഹന് പരിക്കേറ്റു.
തിങ്കളാഴ്ച രാത്രി പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. സപ്താഹ യജ്ഞത്തിന്റെ അന്നദാന കേന്ദ്രത്തിലേക്ക് അൽസേഷ്യൻ നായയുമായി എത്തിയ സജീവ് അവിടെയുണ്ടായിരുന്ന ഭക്തരെ ഭീഷണിപ്പെടുത്തുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്ത ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് ശിവാനന്ദന്റെ രണ്ട് വാഹനങ്ങളുടെ ചില്ലുകൾ സജീവ് അടിച്ചുതകർക്കുകയും പെട്രോളൊഴിച്ച് കത്തിക്കാൻ ശ്രമിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പത്തനാപുരം പോലീസിന് നേരെ സജീവ് തന്റെ ഓഫ് റോഡ് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. ആഘാതത്തിൽ പോലീസ് ജീപ്പിന്റെ മുൻഭാഗം പൂർണ്ണമായും തകർന്നു. വാഹനത്തിലുണ്ടായിരുന്ന സിപിഒ അനീഷിന് പരിക്കേറ്റു.
പോലീസിനെ ആക്രമിച്ച ശേഷം സജീവ് വാഹനവുമായി സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ഇയാൾ കാപ്പ (KAAPA) നിയമപ്രകാരം മുൻപ് നടപടി നേരിട്ടിട്ടുള്ള കുപ്രസിദ്ധ ഗുണ്ടയാണെന്ന് പോലീസ് അറിയിച്ചു. പൊലീസിന്റെ ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും ഉദ്യോഗസ്ഥരെ വധിക്കാൻ ശ്രമിച്ചതിനും സജീവിനെതിരെ വധശ്രമം ഉൾപ്പെടെയുള്ള ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. പ്രതിക്കായി ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാനും ഗുണ്ടാ നിയമപ്രകാരം കർശന നടപടികൾ സ്വീകരിക്കാനും പോലീസ് തീരുമാനിച്ചിട്ടുണ്ട്. പരിക്കേറ്റ പോലീസ് ഉദ്യോഗസ്ഥൻ പത്തനാപുരം താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.