പത്തനംതിട്ട: സി.പി.ഐ. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗം ശ്രീനാദേവി കുഞ്ഞമ്മ പാർട്ടിയിൽ നിന്നും തൻ്റെ എല്ലാ സ്ഥാനങ്ങളിൽ നിന്നും രാജി വെച്ചു. പാർട്ടിയുടെയും എ.ഐ.വൈ.എഫിൻ്റെ എല്ലാ സ്ഥാനങ്ങളും രാജി വെച്ചതായി അവർ മാധ്യമങ്ങളെ അറിയിച്ചു.(Pathanamthitta District Panchayat member Sreena Devi Kunjamma resigns)
സി.പി.ഐ. നേതൃത്വത്തിലുള്ള വിശ്വാസം നഷ്ടപ്പെട്ടതാണ് രാജിക്ക് കാരണം. ഒട്ടനവധി പരാതികൾ സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന് നൽകിയിട്ടും ഒരു നടപടിയും ഉണ്ടായില്ലെന്ന് ശ്രീനാദേവി കുഞ്ഞമ്മ ആരോപിച്ചു.
ഏറെക്കാലമായി ശ്രീനാദേവി നേതൃത്വവുമായി ഇടഞ്ഞു നിൽക്കുകയായിരുന്നു. നേരത്തെ, രാഹുൽ മാങ്കൂട്ടത്തിൽ വിവാദവുമായി ബന്ധപ്പെട്ട് ശ്രീനാദേവി കുഞ്ഞമ്മ ഫേസ്ബുക്കിൽ പോസ്റ്റ് ഇട്ടിരുന്നു. ഈ വിഷയത്തിൽ ശ്രീനാദേവിയെ തള്ളിക്കളയുന്ന നിലപാടാണ് സി.പി.ഐ. കൈക്കൊണ്ടത്.
സി.പി.ഐ. സംസ്ഥാന കൗൺസിൽ അംഗവും അടൂർ മണ്ഡലം സെക്രട്ടറിയുമായ മുണ്ടപ്പള്ളി തോമസ് ശ്രീനാദേവിയുടെ നിലപാടിനെ തള്ളിയിരുന്നു. ശ്രീനാദേവിക്ക് ഇപ്പോൾ പാർട്ടിയുമായി ബന്ധമില്ലെന്നും, അവർ പാർട്ടിയുടെ പേരിൽ ജയിച്ച ജില്ലാ പഞ്ചായത്ത് അംഗമാണെന്നും, അവരുടെ ഫേസ്ബുക്ക് പോസ്റ്റിൽ സി.പി.ഐക്ക് ഉത്തരവാദിത്തമില്ലെന്നും മുണ്ടപ്പള്ളി തോമസ് വ്യക്തമാക്കിയിരുന്നു.
രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാൻ ശ്രമം എന്നും തന്നെ ഇരയാക്കാൻ ഒരു ചാനൽ ശ്രമിച്ചു എന്നുമായിരുന്നു ശ്രീനാദേവി കുഞ്ഞമ്മയുടെ പോസ്റ്റ്. "രാഹുൽ മാങ്കൂട്ടത്തിൽ നിയമത്തിനു മുന്നിൽ തെറ്റുകാരനാണെങ്കിൽ ശിക്ഷിക്കപ്പെടണം. എന്നാൽ, ഈ വിഷയത്തിൽ സാങ്കൽപ്പിക ഇരകളെ സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. ഇരകളെ മാത്രമല്ല, ഇരകളെ സൃഷ്ടിക്കാൻ ശ്രമിക്കുന്നവരെയും ക്രൈംബ്രാഞ്ച് കണ്ടെത്തണം," എന്നും അവർ കുറിപ്പിൽ ആവശ്യപ്പെട്ടിരുന്നു.