

തിരുവനന്തപുരം: വിളപ്പില്‍ശാലയില്‍ പാസ്റ്ററെയും സഹായിയായ വയോധികയെയും മരിച്ചനിലയില്‍ കണ്ടെത്തി. അന്തിയൂര്‍ക്കോണം സ്വദേശി ദാസയ്യന്‍, പയറ്റുവിള സ്വദേശി ചെല്ലമ്മ എന്നിവരെയാണ് കിണറ്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
വിളവൂര്‍ക്കലിലെ പരുത്തന്‍പാറയിലെ 'ബദസ്ഥ' എന്ന പ്രാര്‍ഥനാലയം നടത്തിവരുകയായിരുന്നു പാസ്റ്റര്‍ ദാസയ്യന്‍. ഈ പ്രാര്‍ഥനാലയവും അതിരിക്കുന്ന ഭൂമിയുമായി ബന്ധപ്പെട്ട് കുറെ വർഷങ്ങളായി തര്‍ക്കം നിലനിൽക്കുന്നു. ഇതേ തുടർന്ന് മധ്യസ്ഥചര്‍ച്ച വെള്ളിയാഴ്ച നടക്കാനിരിക്കെയാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്.
12 വര്‍ഷം മുന്‍പ് സാം എന്നയാള്‍ സൗജന്യമായി ലഭിച്ച സ്ഥലത്താണ് പ്രാര്‍ഥനാലയം പ്രവര്‍ത്തിച്ചിരുന്നത്. തന്റെ കാലശേഷം പള്ളിയ്ക്കും പള്ളിയിരിക്കുന്ന അഞ്ചു സെന്റ് ഭൂമിയ്ക്കും അവകാശം സാമിന്റെ മകനായിരിക്കുമെന്ന് ദാസയ്യന്‍ വില്‍പത്രം തയ്യാറാക്കിയിരുന്നു. എന്നാല്‍, 2024-ല്‍ വസ്തു വില്‍ക്കാന്‍ ദാസയ്യന്‍ ശ്രമിച്ചിരുന്നു. ഇതേ തുടർന്ന് സാം ഭൂമി വാങ്ങാന്‍ സമ്മതിക്കുകയും തുടര്‍ന്ന് ഒന്നര ലക്ഷം നല്‍കാമെന്ന് സമ്മതിച്ച് 50,000 അഡ്വാന്‍സ് നല്‍കുകയും ചെയ്തിരുന്നു.
എന്നാല്‍, കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം ദാസയ്യന്‍ നാലു ലക്ഷംരൂപ കൂടി ആവശ്യപ്പെട്ടു. ഇതോടെ സാം കോടതിയെ സമീപിച്ച് വസ്തു അറ്റാച്ച് ചെയ്തു. വെള്ളിയാഴ്ച ഉച്ചക്കുശേഷം വക്കീലിന്റെ മധ്യസ്ഥതയില്‍ വീണ്ടും ചര്‍ച്ചകള്‍ നടക്കാനിരിക്കെയാണ് ദാസയ്യനെയും ചെല്ലമ്മയെയും മരിച്ചനിലയില്‍ കണ്ടെത്തിയത്. സംഭവത്തിൽ കേസെടുത്ത് പോലീസ് അന്വേഷണം ആരംഭിച്ചു.