തൃശൂർ : മാളയിൽ ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസിൽ നിന്ന് ചാടിയ യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. കൊരട്ടി സ്വദേശിയായ ജയ്ജു (52) എന്നയാൾക്കാണ് പരിക്കേറ്റത്. മേലടൂരിലെ പുറക്കുളം സ്റ്റോപ്പിന് സമീപത്ത് വച്ചാണ് സംഭവം.(Passenger seriously injured after jumping from moving bus)
അന്നമനടയിൽ നിന്ന് തൃപ്രയാറിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസിൽ വെച്ചായിരുന്നു അപകടം. ബസ് പുറക്കുളം സ്റ്റോപ്പിന് സമീപത്തുനിന്ന് ഒരു യാത്രക്കാരിയെ കയറ്റി മുന്നോട്ട് എടുത്ത ഉടനെയാണ് സംഭവം. സീറ്റിൽ നിന്നും എഴുന്നേറ്റ ജയ്ജു മുൻവാതിലിലൂടെ പെട്ടെന്ന് പുറത്തേക്ക് ചാടുകയായിരുന്നു.
ഇറങ്ങണമെന്നോ ബസ് നിർത്തണമെന്നോ ഇയാൾ ആവശ്യപ്പെട്ടിരുന്നില്ല. യാത്രക്കാരൻ റോഡിലേക്ക് വീണതോടെ ബസ് നിർത്തി. ഗുരുതരമായി പരിക്കേറ്റ ജയ്ജുവിനെ ഉടൻ തന്നെ മാളയിലെ ബിലീവേഴ്സ് ചർച്ച് ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മെഡിക്കൽ കോളേജിലേക്ക് മാറ്റി. സംഭവത്തെക്കുറിച്ച് മാള പോലീസ് അന്വേഷണം ആരംഭിച്ചു.