
പത്തനംതിട്ട: പരുമല പള്ളി തിരുനാൾ ദിനമായ നവംബർ മൂന്നിന് (തിങ്കളാഴ്ച) ആലപ്പുഴ ജില്ലയിലെ മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർ ഉത്തരവായി. പൊതുപരീക്ഷകൾക്ക് ഈ അവധി ബാധകമല്ല.(Parumala Festival, Local holiday on November 3rd)
പെരുന്നാളിന് വിപുലമായ സർക്കാർ ക്രമീകരണങ്ങൾ
പരുമല തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് വിപുലമായ സർക്കാർ തല ഒരുക്കങ്ങൾ ആരംഭിച്ചു. സംസ്ഥാന ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ വിവിധ വകുപ്പുകളുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും ഹരിതചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനും തീരുമാനമായി. ഒക്ടോബർ 26-ന് കൊടിയേറി നവംബർ മൂന്നിന് സമാപിക്കുന്ന പെരുന്നാളിന് വിപുലമായ ക്രമീകരണങ്ങളാണ് ഏർപ്പെടുത്തുക.
പ്രധാന ക്രമീകരണങ്ങൾ
ഗതാഗതം: വിവിധ ഡിപ്പോകളിൽനിന്ന് കെ.എസ്.ആർ.ടി.സി.യുടെ പ്രത്യേക സർവീസുകൾ നടത്തും.
അടിസ്ഥാന സൗകര്യങ്ങൾ: റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണികൾ അടിയന്തരമായി പൂർത്തിയാക്കാൻ നിർദേശിച്ചു. വഴിവിളക്കുകൾ പ്രകാശിപ്പിക്കാൻ നടപടിയെടുക്കും.
വെള്ളം: പഞ്ചായത്തിന്റെ സഹകരണത്തോടെ കുടിവെള്ള വിതരണം ഉറപ്പാക്കും.
സുരക്ഷ: പെരുന്നാൾ ദിവസങ്ങളിൽ പ്രത്യേക പോലീസ് കൺട്രോൾ റൂം സ്ഥാപിക്കും.
ആരോഗ്യം: ആരോഗ്യ വകുപ്പ് ആംബുലൻസ് സേവനം ഉറപ്പാക്കുകയും പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കുകയും ചെയ്യും.
മാത്യു ടി.തോമസ് എം.എൽ.എ, പത്തനംതിട്ട കളക്ടർ പ്രേം കൃഷ്ണൻ, വൈദിക ട്രസ്റ്റിമാർ, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ തുടങ്ങിയവർ ആലോചനായോഗത്തിൽ പങ്കെടുത്തു.