

തിരുവനന്തപുരം : 'പരിശുദ്ധ പരുമല തിരുമേനി' എന്നറിയപ്പെടുന്ന പരിശുദ്ധ ഗീവറുഗീസ് മാർ ഗ്രിഗോറിയോസ് തിരുമേനിയുടെ 123-ാമത് ഓർമ്മപ്പെരുന്നാളിനോടനുബന്ധിച്ച് മൂന്ന് താലൂക്കുകൾക്ക് പ്രാദേശിക അവധി പ്രഖ്യാപിച്ചു. പെരുന്നാളിൻ്റെ സമാപന ദിവസമായ തിങ്കളാഴ്ച (നവംബർ 3) ആണ് അവധി.(Parumala Festival, Local holiday for 3 taluks on Monday)
പത്തനംതിട്ട ജില്ല: തിരുവല്ല താലൂക്ക്, ആലപ്പുഴ ജില്ല: മാവേലിക്കര, ചെങ്ങന്നൂർ താലൂക്കുകൾ എന്നിങ്ങനെയാണ് അവധി. ഈ താലൂക്കുകളിലെ എല്ലാ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രാദേശിക അവധി അനുവദിച്ച് ജില്ലാ കളക്ടർമാർ ഉത്തരവിറക്കിയിട്ടുണ്ട്. എങ്കിലും, മുൻകൂട്ടി നിശ്ചയിച്ച പൊതു പരീക്ഷകൾക്ക് അവധി ബാധകമല്ലെന്ന് കളക്ടർമാർ വ്യക്തമാക്കി.
സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോർജിൻ്റെ അധ്യക്ഷതയിൽ ചേർന്ന സർക്കാർതല ആലോചനായോഗത്തിൽ പെരുന്നാളിന് വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നു. കെ.എസ്.ആർ.ടി.സിയുടെ പ്രത്യേക സർവീസുകൾ വിവിധ ഡിപ്പോകളിൽനിന്ന് നടത്തും.
പ്രത്യേക പൊലീസ് കൺട്രോൾ റൂം സ്ഥാപിച്ചുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു.ആരോഗ്യവകുപ്പ് ആംബുലൻസ് സേവനം ഒരുക്കി പ്രത്യേക മെഡിക്കൽ ടീമിനെ സജ്ജമാക്കും.
ഹരിതചട്ടങ്ങൾ കർശനമായി പാലിക്കുന്നതിനും യോഗത്തിൽ തീരുമാനമായിട്ടുണ്ട്. പെരുന്നാളിന് ഒക്ടോബർ 26-നാണ് കൊടിയേറിയത്. ക്രൈസ്തവ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെട്ട പ്രഥമ ഭാരതീയനാണ് പരിശുദ്ധ പരുമല തിരുമേനി.