കോഴിക്കോട്: സോഷ്യൽ മീഡിയയിൽ ചിത്രം പങ്കുവെച്ചതുമായി ബന്ധപ്പെട്ട് കസ്റ്റഡിയിലെടുത്ത കോൺഗ്രസ് നേതാവ് എൻ. സുബ്രഹ്മണ്യനെ പോലീസ് വിട്ടയച്ചു. കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസിന്റെ നേതൃത്വത്തിൽ കോൺഗ്രസ്, യൂത്ത് കോൺഗ്രസ് പ്രവർത്തകർ പോലീസ് സ്റ്റേഷന് മുന്നിൽ നടത്തിയ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് മൊഴിയെടുത്ത ശേഷം നോട്ടീസ് നൽകി അദ്ദേഹത്തെ വിട്ടയച്ചത്.(Party protests by singing the viral parody song when police released N Subramanian)
സുബ്രഹ്മണ്യനെ സ്റ്റേഷനിലെത്തിച്ചതോടെ പ്രവർത്തകർ സ്റ്റേഷന് മുന്നിൽ തടിച്ചുകൂടി. സമീപകാലത്ത് വൈറലായ ‘പോറ്റിയെ കേറ്റിയെ’ എന്ന ഗാനം പാടിയാണ് പ്രവർത്തകർ പോലീസിനും സർക്കാരിനുമെതിരെ പ്രതിഷേധിച്ചത്. കസ്റ്റഡിയിലിരിക്കെ രക്തസമ്മർദ്ദം ഉയർന്നതിനെ തുടർന്ന് സുബ്രഹ്മണ്യനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡോക്ടറുടെ നിർദ്ദേശപ്രകാരം വിശ്രമിച്ച ശേഷമാണ് വീണ്ടും സ്റ്റേഷനിലെത്തിച്ചത്.
സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങിയ സുബ്രഹ്മണ്യൻ സർക്കാരിനും പോലീസിനുമെതിരെ കടുത്ത ആരോപണങ്ങൾ ഉന്നയിച്ചു. ഇതേ ചിത്രം പങ്കുവെച്ച ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖറിനെതിരെ നടപടിയില്ലാത്തത് എന്തുകൊണ്ടാണെന്ന് അദ്ദേഹം ചോദിച്ചു. കേരള പോലീസ് എകെജി സെന്ററിന്റെ അജണ്ടയാണ് നടപ്പാക്കുന്നത്.
രാവിലെ ആറുമണിക്ക് വീട്ടിലെത്തിയ പോലീസ് പ്രാതൽ കഴിക്കാൻ പോലും അനുവദിച്ചില്ലെന്നും മൊഴിയെടുക്കാനെന്ന വ്യാജേന വാഹനത്തിൽ കയറ്റി സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.