കൊല്ലം : ജില്ലയിലെ പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത് ഭരണസാരഥികളെ കണ്ടെത്താനുള്ള തിരഞ്ഞെടുപ്പിൽ നറുക്കെടുപ്പും കക്ഷിനിലയിലെ മാറ്റങ്ങളും നിർണ്ണായകമായി. ചിറക്കരയിൽ വൈസ് പ്രസിഡന്റ് സ്ഥാനം ബിജെപിക്ക് ലഭിച്ചു. എട്ടാം വാർഡിൽ നിന്നുള്ള ബിജെപി അംഗം രമ്യയാണ് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടത്. എൻഡിഎ (6), യുഡിഎഫ് (5), എൽഡിഎഫ് (5), സ്വതന്ത്രൻ (1) എന്നിങ്ങനെയാണ് കക്ഷിനില.(Panchayat president election, BJP in Chirakkara)
സ്വതന്ത്ര സ്ഥാനാർത്ഥിയായ ഉല്ലാസ് കൃഷ്ണൻ യുഡിഎഫിനൊപ്പം ചേർന്നതോടെ എൻഡിഎയ്ക്കും യുഡിഎഫിനും 6 വോട്ടുകൾ വീതമായി. ഇതോടെ നടന്ന നറുക്കെടുപ്പിലാണ് ബിജെപിക്ക് ഭാഗ്യം തുണച്ചത്. സിപിഎം മുൻ ലോക്കൽ കമ്മിറ്റി സെക്രട്ടറിയായിരുന്ന സ്വതന്ത്രൻ ഉല്ലാസ് കൃഷ്ണനാണ് യുഡിഎഫ് പിന്തുണയോടെ പ്രസിഡന്റ് സ്ഥാനത്തിരിക്കുന്നത്.
തഴവ പഞ്ചായത്തിൽ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനങ്ങൾ എൽഡിഎഫ് സ്വന്തമാക്കി. ആർ. സുജ (സിപിഎം)യ്ക്ക് ഒരു വോട്ട് അസാധുവായതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെയാണ് പ്രസിഡന്റ് സ്ഥാനം ലഭിച്ചത്. വൈസ് പ്രസിഡന്റ് ആയി തിരഞ്ഞെടുക്കപ്പെട്ടത് നിസാം തോപ്പിത്തറ (സിപിഐ) ആണ്. എൽഡിഎഫിന് ലഭിച്ച പത്ത് വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് നിസാം വിജയിച്ചത്. എൽഡിഎഫ് (10), യുഡിഎഫ് (9) എന്നിങ്ങനെയാണ് കക്ഷിനില.
മുഖത്തല ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സ്ഥാനം നറുക്കെടുപ്പിലൂടെ യുഡിഎഫിന് ലഭിച്ചു. യുഡിഎഫ് (8), എൽഡിഎഫ് (8) എന്നിങ്ങനെയാണ് കക്ഷിനില. ബിജെപി അംഗം തിരഞ്ഞെടുപ്പിൽ നിന്ന് വിട്ടുനിന്നതോടെ വോട്ടുനില തുല്യമായി. തുടർന്ന് നടന്ന നറുക്കെടുപ്പിൽ യുഡിഎഫ് സ്ഥാനാർത്ഥി ഗായത്രി ദേവി വിജയിച്ചു. പ്രസിഡന്റ് സാം വർഗീസ് ആണ്.