പത്തനംതിട്ട: സാമൂഹിക സുരക്ഷാ പെൻഷൻ റദ്ദാക്കുന്നതിന്റെ ഭാഗമായി, മൂന്ന് ദിവസത്തിനകം മരണ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ജീവിച്ചിരിക്കുന്നയാൾക്ക് നോട്ടീസ് അയച്ച നടപടിയിൽ ക്ഷമ ചോദിച്ച് പഞ്ചായത്ത്. ഗോപിനാഥൻ നായർക്കാണ് ദുരനുഭവം ഉണ്ടായത്. (Panchayat apologizes for requesting death certificate from a living person)
നോട്ടീസ് ലഭിച്ചതിനെത്തുടർന്ന് താൻ ജീവിച്ചിരിപ്പുണ്ടെന്ന് ബോധ്യപ്പെടുത്താൻ ഗോപിനാഥൻ നായർ ഇന്ന് ആധാർ കാർഡുമായി പഞ്ചായത്ത് ഓഫീസിൽ നേരിട്ടെത്തി.ശനിയാഴ്ച ഉച്ചയോടെയാണ് ഗോപിനാഥൻ നായർ മരിച്ചുവെന്ന് രേഖപ്പെടുത്തിയ കത്ത് വീട്ടിലെത്തുന്നത്.
പെൻഷൻ കൈപ്പറ്റുന്നത് തുടർന്നാൽ പലിശ സഹിതം തിരിച്ചടയ്ക്കേണ്ടി വരുമെന്ന താക്കീതും നോട്ടീസിലുണ്ടായിരുന്നു. ജോയിന്റ് ഡയറക്ടറുടെ ഓഫീസിൽ നിന്ന് ലഭിച്ച പട്ടികയിൽ നിന്നാണ് ഇവർക്ക് വിവരം ലഭിച്ചത്. ഈ പട്ടികയുടെ അടിസ്ഥാനത്തിലാണ് നോട്ടീസ് അയച്ചതെന്നാണ് പഞ്ചായത്ത് സെക്രട്ടറി നൽകിയ വിശദീകരണം. നേരിട്ടെത്തിയ ഗോപിനാഥൻ നായരോട് ഉദ്യോഗസ്ഥർ ക്ഷമ ചോദിക്കുകയും ഇതൊരു സാങ്കേതിക പിഴവാണെന്ന് വ്യക്തമാക്കുകയും ചെയ്തു.