തിരുവനന്തപുരം : പാലോട് രവിയുടെ പരാമർശത്തിൽ ഉചിതമായ നടപടിയെടുക്കുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. എഐസിസി നേതൃത്വത്തെ വിഷയം അറിയിച്ചിട്ടുണ്ട്.ശബ്ദ സന്ദേശം ആരും നിഷേധിച്ചിട്ടില്ലെന്നും പാലോട് രവിയോട് വിശദീകരണം തേടിയിട്ടുണ്ടെന്നും സണ്ണി ജോസഫ് പറഞ്ഞു.
പ്രാദേശിക കോൺഗ്രസ് നേതാവുമായുള്ള പാലോട് രവിയുടെ ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ് കോൺഗ്രസ് നേതൃത്വം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശ തെരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകും എന്നുമാണ് പാലോട് രവിയുടെ പരാമർശം.
നിയമസഭയിലും കോൺഗ്രസ് താഴെ വീഴും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് പിടിച്ചതുപോലെ കാശ് കൊടുത്ത് ബിജെപി വോട്ട് പിടിക്കുമെന്നും രവി പറഞ്ഞു. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്നാം സ്ഥാനത്തേക്ക് വീഴും. മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി ഭരണം തുടരും. ഇതോടെ ഈ പാര്‍ട്ടിയുടെ അധോഗതിയായിരിക്കും എന്നും പാലോട് രവി പറഞ്ഞിരുന്നു.
അതേ സമയം, കോണ്‍ഗ്രസിനെ വെട്ടിലാക്കിയുള്ള ടെലിഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ പാലോട് രവി വിശദീകരണവുമായി രംഗത്തെത്തി. കോൺഗ്രസിന്‍റെ സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായിട്ടാണ് അത്തരം ഒരു മെസ്സേജ് നൽകിയത്. താൻ പറഞ്ഞത് എന്തെന്ന് അണികൾക്ക് വ്യക്തമായി മനസിലായിട്ടുണ്ട്.
സംഘടനാ സംവിധാനങ്ങൾ ശക്തിപ്പെടുത്തിയില്ലെങ്കിൽ തെരഞ്ഞെടുപ്പിൽ പിന്നിലാകും എന്നാണുദ്ദേശിച്ചത്. ഇത്തരം മെസ്സേജുകൾ നിരന്തരമായി താഴെത്തട്ടിലുള്ള സംഘടനാ സംവിധാനങ്ങൾക്ക് നൽകുന്നതാണ്.പ്രാദേശിക ഘടകങ്ങളിലെ ഭിന്നത ഒഴിവാക്കുകയാണ്ഇതിലൂടെ വെച്ച ലക്ഷ്യം.താൻ പറഞ്ഞ ഫോൺ സംഭാഷണത്തിലെ ഒരു ചെറിയ ഭാഗം അടർത്തിയെടുത്തതാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നതെന്നും പാലോട് രവി വ്യക്തമാക്കി.