

തിരുവനന്തപുരം: ഇടപ്പള്ളി-മണ്ണൂത്തി ദേശീയപാതയിലെ പാലിയേക്കരയിൽ ടോൾ പിരിവ് പുനരാരംഭിക്കാൻ ഹൈക്കോടതി നൽകിയ അനുമതി ചോദ്യം ചെയ്തുള്ള ഹർജി ഇന്ന് സുപ്രീംകോടതിയുടെ പരിഗണനയ്ക്ക് വരും. ജസ്റ്റിസുമാരായ വിക്രംനാഥ്, സന്ദീപ് മേത്ത എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിക്കുക.(Paliyekkara toll collection, SC to consider petition challenging High Court order today)
ടോൾ പിരിവ് പുനരാരംഭിക്കാൻ ഒക്ടോബർ 17-നാണ് ഹൈക്കോടതി അനുമതി നൽകിയത്. ഹർജിക്കാരനായ ഷാജി കോടങ്കണ്ടത്താണ് ഹൈക്കോടതി ഉത്തരവിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിച്ചത്. ഗതാഗതം സുഗമമാകാതെ ടോൾ പിരിക്കരുതെന്ന സുപ്രീം കോടതിയുടെ മുൻ വിധി ലംഘിച്ചുകൊണ്ടാണ് ഹൈക്കോടതി ടോൾ പിരിവിന് അനുമതി നൽകിയത് എന്ന് ഹർജിയിൽ ആരോപിക്കുന്നു.
ഗതാഗതയോഗ്യമല്ലാത്ത സാഹചര്യത്തിൽ ടോൾ പിരിക്കുന്നത് പൊതു താൽപര്യത്തിന് വിരുദ്ധമാണ് എന്ന നിലപാടാണ് ഹർജിക്കാരൻ ഉയർത്തുന്നത്. ഹൈക്കോടതി വിധി സ്റ്റേ ചെയ്യണമെന്ന ആവശ്യമാണ് ഹർജിയിലുള്ളത്. സുപ്രീം കോടതി ഇന്ന് ഈ വിഷയത്തിൽ സ്വീകരിക്കുന്ന നിലപാട് നിർണ്ണായകമാകും.