കണ്ണൂർ: പാലത്തായി പീഡനക്കേസിലെ വിധിക്കെതിരെ റിട്ടയേർഡ് ഡിവൈ.എസ്.പി. സി.എ. അബ്ദുൾ റഹീം ഫേസ്ബുക്കിൽ ഉന്നയിച്ച വാദങ്ങൾക്ക് അക്കമിട്ട് മറുപടിയുമായി അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ടി.കെ. രത്നകുമാർ രംഗത്തെത്തി. പോക്സോ കേസ് ദുരുപയോഗം ചെയ്തതിൻ്റെ അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ് എന്നായിരുന്നു മുൻ ഡിവൈ.എസ്.പി.യുടെ വാദം. ഇതാദ്യമായാണ് പാലത്തായി കേസിന്റെ അന്വേഷണത്തെക്കുറിച്ച് പ്രധാന ഉദ്യോഗസ്ഥനായിരുന്ന രത്നകുമാർ തെളിവുകൾ സഹിതം തുറന്നു സംസാരിക്കുന്നത്.(Palathayi POCSO case, the investigating officer responded to the retired DYSP)
പോക്സോ ആക്ട് ദുരുപയോഗം ചെയ്യപ്പെട്ടതിൻ്റെ ഏറ്റവും അവസാനത്തെ ഉദാഹരണമാണ് പാലത്തായി കേസ്. എതിരാളികളെ എളുപ്പത്തിൽ കുടുക്കാൻ പറ്റുന്ന ഇരുതല മൂർച്ചയുള്ള ആയുധമാണ് പോക്സോ ആക്ട്. ശിക്ഷിക്കപ്പെട്ട പ്രതി ഒരു സമുദായത്തിന് വെറുക്കപ്പെട്ടവൻ ആയിരിക്കാം, എന്നാൽ നിരപരാധി ആണെങ്കിൽ ഒരിക്കലും ശിക്ഷിക്കപ്പെടരുത് എന്നാണ് വിശുദ്ധ വേദഗ്രന്ഥത്തിൽ പറയുന്നത്.
മുൻ എ.സി.പി. ആയിരുന്ന ടി.കെ. രത്നകുമാർ, റിട്ടയേർഡ് ഡിവൈ.എസ്.പി. സ്വന്തം ബാച്ചുകാരനെ വെള്ളപൂശാനാണ് കുറിപ്പിട്ടതെന്ന് സൂചിപ്പിച്ചാണ് പോസ്റ്റ് തുടങ്ങുന്നത്. തുടർന്ന്, കേസിൻ്റെ നാൾവഴികളും തെളിവുകളും അദ്ദേഹം നിരത്തി. പൗരത്വ ബില്ലിന് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റിട്ടതിൽ ചിലർക്കുള്ള വിരോധമാണ് കേസിന് ആധാരം എന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ, ആ മാസം തന്നെ പി.ടി.എ. മീറ്റിംഗ് ചേരുകയും ഫേസ്ബുക്ക് പോസ്റ്റ് പിൻവലിക്കുകയും വിഷയം അവിടെ അവസാനിപ്പിച്ചതായും അന്വേഷണ ഉദ്യോഗസ്ഥൻ പറയുന്നു.
പെൺകുട്ടി മൊഴി നൽകിയ ദിവസം പ്രതി സ്ഥലത്തില്ല എന്നായിരുന്നു പ്രതിഭാഗം വാദം. എന്നാൽ, ചൈൽഡ് ലൈൻ പ്രവർത്തകർ ചോദിച്ചപ്പോൾ കുട്ടി ദിവസവും മാസവും പോലും പറഞ്ഞിട്ടില്ല. തീയതി വേണമെന്ന് നിർബന്ധം പറഞ്ഞപ്പോഴാണ് കുട്ടി തീയതി പറഞ്ഞതെന്നും മൊഴിയുണ്ട്. കുട്ടി പറഞ്ഞ മൂന്ന് തീയതികളിലെ ഒരു ദിവസം അദ്ധ്യാപകൻ സ്കൂളിൽ ഉണ്ടായിരുന്നതായി സി.ഡി.ഐ.ആർ. രേഖകൾ തെളിയിക്കുന്നു.
പ്രതി പത്ത് ദിവസം അവധിയെടുത്ത് മാറിനിന്നത്, സംഭവം കുട്ടി വെളുപ്പെടുത്താൻ ഇടയുണ്ടെന്ന ചിന്തയിലാണെന്ന് സംശയിക്കാമെന്നും രത്നകുമാർ പറയുന്നു. 07.02.2020 ന് സ്കൂൾ പ്രവർത്തി ദിവസം ഉച്ചയ്ക്ക് 12 മണിക്ക് അതിജീവിതയുടെ അമ്മയുടെ ഫോണിലേക്ക് പ്രതി വിളിച്ചു സംസാരിച്ചു. അന്നേ ദിവസം സ്കൂളിലെ മറ്റൊരു കുട്ടിയുടെയും രക്ഷിതാവിനെ പ്രതി വിളിച്ചിട്ടില്ല.
എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്യുന്നുവെന്ന് അറിഞ്ഞപ്പോൾ തന്നെ സഹപ്രവർത്തകരോട് പോലും താൻ നിരപരാധിയാണെന്ന് ബോധ്യപ്പെടുത്താതെ പ്രതി ഒളിവില്‍ പോയി. ബാത്ത്റൂമിലെ ടൈൽസുകൾക്കിടയിൽ രക്തക്കറയുണ്ടെന്ന് സംശയം തോന്നിയതും അത് പരിശോധിച്ചതും റിപ്പോർട്ട് കോടതിയിൽ ഹാജരാക്കിയതും സയൻ്റിഫിക് ഓഫീസറാണ്.
പരിശോധനക്ക് ആവശ്യമായത്ര അളവ് രക്തം കിട്ടിയില്ല എന്നാണ് അവർ രേഖപ്പെടുത്തിയത്. കൃത്രിമ തെളിവുണ്ടാക്കിയതാണെങ്കിൽ ആവശ്യത്തിന് അളവ് ചേർക്കാമായിരുന്നല്ലോ എന്നും അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി നൽകുന്നു. പാലത്തായി കേസിൽ വിധി വന്നതിന് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥൻ ടി.കെ. രത്നകുമാറിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടി, കേസ് കെട്ടിച്ചമച്ചതാണെന്ന് ബി.ജെ.പി.-ആർ.എസ്.എസ്. കേന്ദ്രങ്ങൾ പ്രചരിപ്പിക്കുന്നുണ്ട്. ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റിയിൽ എൽ.ഡി.എഫ്. സ്ഥാനാർഥിയായി രത്നകുമാർ മത്സരിക്കുന്നുണ്ട്.