കണ്ണൂർ: പാലത്തായിയിൽ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ അധ്യാപകൻ കെ. പത്മരാജന് തലശ്ശേരി അതിവേഗ പോക്‌സോ കോടതി ഇന്ന് ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. ജീവപര്യന്തം വരെ തടവ് ലഭിച്ചേക്കാവുന്ന കുറ്റങ്ങളാണ് കോടതി ഇന്നലെ കുറ്റക്കാരനെന്ന് കണ്ടെത്തിയ ബിജെപി നേതാവ് കൂടിയായ പത്മരാജനെതിരെ തെളിഞ്ഞത്.(Palathayi POCSO case, BJP leader's sentencing to be held at 3 pm today)
ശിക്ഷ വിധിക്കുന്നതിന് മുന്നോടിയായി ഇന്ന് രാവിലെ നടന്ന അവസാന വാദത്തിൽ ഇരുപക്ഷവും തങ്ങളുടെ നിലപാടുകൾ അറിയിച്ചു. പ്രതിക്ക് പരമാവധി ശിക്ഷ നൽകണമെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ആവശ്യപ്പെട്ടു.
എന്നാൽ, പ്രതിയുടെ കുടുംബവും പ്രായവും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടു. പ്രതിയുടെ ഭാര്യ ആത്മഹത്യ ചെയ്യേണ്ടി വന്നാൽ ഉത്തരവാദികൾ മതതീവ്രവാദികൾ ആയിരിക്കുമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു.
2020 ജനുവരിക്കും ഫെബ്രുവരിക്ക്മിടയിൽ സ്കൂളിലെ ശുചിമുറിയിൽ വെച്ച് 10 വയസ്സുകാരിയെ മൂന്ന് തവണ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്. 2021-ൽ അന്തിമ കുറ്റപത്രം സമർപ്പിച്ച ഈ കേസ് വലിയ രാഷ്ട്രീയ വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. അഞ്ച് തവണ അന്വേഷണ സംഘത്തെ മാറ്റിയതും, ആദ്യ ഘട്ടത്തിൽ സമർപ്പിച്ച ഇടക്കാല കുറ്റപത്രത്തിൽ പോക്സോ വകുപ്പ് ചുമത്താത്തതും ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്ന് വലിയ പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു.