പാലത്തായി പീഡനക്കേസ് വിധി ; സിപിഐ എമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവർക്കുള്ള കനത്ത പ്രഹരമെന്ന് കെ കെ രാഗേഷ് | KK Ragesh

10 വയസ്സ് മാത്രം പ്രായമുള്ള നാലാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചത്.
kk rajesh
Published on

കണ്ണൂർ: നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവായ അധ്യാപകനെതിരായ കോടതി വിധി സിപിഐ എമ്മിനെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവർക്കെല്ലാമുള്ള കനത്ത പ്രഹരമാണെന്ന് ജില്ലാ സെക്രട്ടറി കെ കെ രാഗേഷ്.തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി തെറ്റിദ്ധാരണപരത്തുന്ന വാർത്തകളും നട്ടാൽകുരുക്കാത്ത നുണകളും പ്രചരിപ്പിച്ചവർ ജനങ്ങളോട് മാപ്പുപറഞ്ഞേതീരൂവെന്ന് കെ കെ രാഗേഷ് കുറിച്ചു.

കെ കെ രാഗേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ്....

പാലത്തായി പീഡനക്കേസ് വിധി - അപവാദപ്രചാരകരുടെ മുഖത്തേറ്റ അടി കണ്ണൂർ പാലത്തായിയിൽ നാലാം ക്ലാസ് വിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവായ അദ്ധ്യാപകനെതിരായ കോടതി വിധി, മരണം വരെ ജീവപരന്ത്യം ലഭിച്ചത് സിപിഐ(എം)നെതിരെ വിഷലിപ്ത പ്രചാരണം നടത്തിയവർക്കെല്ലാമുള്ള കനത്ത പ്രഹരമാണ്. കോൺഗ്രസ്സും ബിജെപിയും എസ്ഡിപിഐ അടക്കമുള്ള തീവ്രവാദ കക്ഷികളും പാലത്തായി കേസിനെ ഇടതുപക്ഷ സർക്കാരിനും സിപിഐ(എം)നുമെതിരായി രാഷ്ട്രീയമായി ഉപയോഗിക്കുകയായിരുന്നു. കുറച്ചുനാളുകളായി മുഖ്യധാരാമാധ്യമങ്ങളും സോഷ്യൽമീഡിയയും ഉപയോഗിച്ച് പാർട്ടിക്കെതിരെ ജനവികാരം ഇളക്കിവിടാൻ ആസൂത്രിതമായി ഇവർ ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഒരു കൊടുംക്രിമിനലിനെ ഒരു കൂട്ടർ വെള്ളപൂശുകയായിരുന്നുവെങ്കിൽ മറ്റൊരുകൂട്ടർ വർഗീയവികാരം ആളിക്കത്തിച്ച് മുതലെടുപ്പിന് ശ്രമിക്കുകയായിരുന്നു. രണ്ടുപേരുടെയും ലക്ഷ്യം ഒന്നായിരുന്നു. ഇന്ന് വന്ന കോടതിവിധിയിലൂടെ അപവാദപ്രചാരകരുടെ വ്യാഖ്യാനങ്ങളെല്ലാം തകർന്നടിഞ്ഞിരിക്കുകയാണ്. തങ്ങളുടെ രാഷ്ട്രീയലക്ഷ്യങ്ങൾക്ക് വേണ്ടി തെറ്റിദ്ധാരണപരത്തുന്ന വാർത്തകളും നട്ടാൽകുരുക്കാത്ത നുണകളും പ്രചരിപ്പിച്ചവർ ജനങ്ങളോട് മാപ്പുപറഞ്ഞേതീരൂ.

ബിജെപി തൃപ്പങ്ങോട്ടൂർ പഞ്ചായത്ത് മുൻ പ്രസിഡന്റും ആർഎസ്എസ് നേതാവുമായ കെ. പത്മരാജനെന്ന അധ്യാപകനാണ് കേവലം 10 വയസ്സ് മാത്രം പ്രായമുള്ള നാലാം ക്ലാസ്സിൽ പഠിക്കുന്ന കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ചത്. വിദ്യാർത്ഥികൾ സ്വന്തം രക്ഷിതാവായി കാണുന്ന, വിദ്യാർത്ഥികളെ സ്വന്തം കുഞ്ഞുങ്ങളായി കാണേണ്ട അധ്യാപകനിൽ നിന്ന് പെൺകുട്ടിക്ക് പീഡനം ഏൽക്കേണ്ടി വന്നു എന്നത് ഏവരെയും ഞെട്ടിപ്പിച്ച ഒരു സംഭവമായിരുന്നു.

2020 ജനുവരി മുതലാണ് 49 കാരനായ ബിജെപി നേതാവ് പത്മരാജൻ കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുന്നത്. ആദ്യം ചൈൽഡ് ലൈനിൽ റിപ്പോർട്ട് ചെയ്ത സംഭവം പാനൂർ പോലീസിൽ അറിയിക്കുകയും കുട്ടിയുടെ അമ്മയുടെ പരാതിയുടെ അടിസ്ഥാനത്തിൽ 2020 മാർച്ച് 17ന് കേസ് രജിസ്റ്റർ ചെയ്യുകയാണുണ്ടായത്. ഏപ്രിൽ 15 ന് പൊയിലൂർ വിളക്കോട്ടൂരിലെ ഒളിത്താവളത്തിൽ നിന്നാണ് പത്മരാജനെ അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമത്തിലെയും ജുവനൈൽ ജസ്റ്റിസ് ആക്ടിലെയും പ്രസക്തമായ വ്യവസ്ഥകൾ പ്രകാരം 2021 മെയ് മാസത്തിലാണ് അന്തിമ കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതി ഒരു തരത്തിലും രക്ഷപ്പെടാതിരിക്കാൻ പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നും ശക്തമായ ഇടപെടലാണുണ്ടായത്. കുട്ടിയുടെ സുഹൃത്തായ വിദ്യാർത്ഥിയും നാല് അദ്ധ്യാപകരുമുൾപ്പെടെ നാല്പതോളം സാക്ഷികളെ വിസ്തരിച്ചു.

77 രേഖകളും 14 തൊണ്ടിമുതലുകളും ചികിത്സാരേഖകളുടെ വിവരങ്ങളുമെല്ലാം കുറ്റമറ്റ രീതിയിൽ ഹാജരാക്കി.നീതിപൂർവ്വവും വസ്തുതാപരവുമായി നടത്തിയ അന്വേഷണത്തിന് ഒടുവിലാണ് പ്രതിക്ക് തക്കതായ ശിക്ഷ വാങ്ങി നൽകാൻ കഴിഞ്ഞത്. ഒരു പോക്‌സോ കേസ് പ്രതിക്ക് സംഘപരിവാർ സംഘടനകൾ കേസ് കാലയളവിൽ നൽകിയ പിന്തുണ സമൂഹത്തെ ഭയപ്പെടുത്തുന്നതാണ്. ക്രിമിനലുകൾക്ക് താവളമൊരുക്കുന്ന സംഘപരിവാരത്തെ സമൂഹത്തിൽ നിന്ന് അകറ്റി നിർത്താനും, വിഷലിപ്തമായ കള്ളപ്രചാരണങ്ങൾ നടത്തി സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കി ലാഭംകൊയ്യുന്നവരെ തിരിച്ചറിയാനും സാധിക്കണം.

Related Stories

No stories found.
Times Kerala
timeskerala.com