പാലക്കാട് ബന്ധുവിനെ ബൈക്ക് താക്കോൽ കൊണ്ട് കുത്തിക്കൊന്നു; പ്രതി അറസ്റ്റിൽ | Palakkad murder news
പാലക്കാട്: ചിറ്റൂർ പൊൽപ്പുള്ളിയിൽ സ്കൂൾ പരിസരത്ത് വെച്ച് ബന്ധുവിനെ ബൈക്കിന്റെ താക്കോൽ കൊണ്ട് കുത്തിക്കൊലപ്പെടുത്തി. പൊൽപ്പുള്ളി സ്വദേശി ശരത് ആണ് മരിച്ചത്. സംഭവത്തിൽ ഇയാളുടെ ബന്ധുവായ വേർകോലി സ്വദേശി പ്രമോദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ബുധനാഴ്ച വൈകിട്ട് അഞ്ചരയോടെ പൊൽപ്പുള്ളി കെ.വി.എം സ്കൂളിന് മുന്നിലായിരുന്നു ദാരുണമായ സംഭവം നടന്നത്. പ്രതിയായ പ്രമോദ് ഏറെക്കാലമായി ഭാര്യയുമായി പിരിഞ്ഞു താമസിക്കുകയാണ്. പ്രമോദിന്റെ കുട്ടിയെ സ്കൂളിൽ നിന്ന് കൂട്ടിക്കൊണ്ടുപോകാൻ എത്തിയതായിരുന്നു ശരത്. ഇതിനിടെ സ്ഥലത്തെത്തിയ പ്രമോദ് ശരത്തുമായി തർക്കത്തിലേർപ്പെടുകയും ബൈക്കിന്റെ താക്കോൽ ഉപയോഗിച്ച് കഴുത്തിൽ കുത്തുകയുമായിരുന്നു.
കഴുത്തിന് ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് മണിയോടെ മരണം സംഭവിക്കുകയായിരുന്നു. പ്രതിയായ പ്രമോദ് മുൻപ് പൊൽപ്പുള്ളി പഞ്ചായത്തിലെ ആറാം വാർഡിൽ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിട്ടുണ്ട്. കുടുംബപ്രശ്നങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. ചിറ്റൂർ പൊലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.

