

പാലക്കാട്: മണ്ണാർക്കാട് കാഞ്ഞിരപ്പുഴ മങ്കടമലയിൽ അതിശക്തമായ കാട്ടുതീ. വെള്ളിയാഴ്ച വൈകിട്ട് അഞ്ചുമണിയോടെയാണ് മലയുടെ മുകൾഭാഗത്ത് തീ ആളിപ്പടരുന്നത് പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടത്. വേനൽ കനത്തതോടെ ഉണങ്ങിക്കിടക്കുന്ന പുല്ലും കുറ്റിക്കാടുകളും ഉള്ള മേഖലയായതിനാൽ തീ അതിവേഗം പടരുകയാണ്.
ലോകപ്രസിദ്ധമായ സൈലന്റ് വാലി ദേശീയോദ്യാനത്തോട് ചേർന്നുനിൽക്കുന്ന വനമേഖലയാണിത്. തീ കൂടുതൽ വനത്തിനുള്ളിലേക്ക് പടരുന്നത് വലിയ പരിസ്ഥിതി ആഘാതത്തിന് കാരണമായേക്കുമെന്ന് ആശങ്കയുണ്ട്. വിവരം ലഭിച്ച ഉടൻ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും സ്ഥലത്തെത്തിയിട്ടുണ്ട്. എന്നാൽ മലമുകളിലേക്ക് എത്തിപ്പെടാനുള്ള ഭൂപ്രകൃതിയുടെ പ്രയാസം തീ അണയ്ക്കാനുള്ള ശ്രമങ്ങളെ ബാധിക്കുന്നുണ്ട്.
കാറ്റുപിടിക്കുന്നതിനനുസരിച്ച് തീ താഴ്വാരങ്ങളിലേക്ക് പടരാതിരിക്കാൻ വനംവകുപ്പിന്റെ റാപ്പിഡ് റെസ്പോൺസ് ടീം സ്ഥലത്ത് നിരീക്ഷണം ശക്തമാക്കി. മങ്കടമലയുടെ മുകൾഭാഗത്തേക്ക് കാൽനടയായി പോയി തീ അണയ്ക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നത്.
കനത്ത കാറ്റ് തീ അണയ്ക്കാനുള്ള ശ്രമങ്ങൾക്ക് വെല്ലുവിളിയാകുന്നുണ്ട്. നാട്ടുകാരും വനസംരക്ഷണ സമിതി അംഗങ്ങളും വനംവകുപ്പിനെ സഹായിക്കാൻ രംഗത്തുണ്ട്.