'അടഞ്ഞ അധ്യായം, ഭാരവാഹിത്വം ഉള്ളവർ കൂടെ പോയാൽ നടപടി': ഒളിവ് ജീവിതം അവസാനിപ്പിച്ച് എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി പാലക്കാട് DCC പ്രസിഡൻ്റ് | Rahul Mamkootathil

രാഹുലിന് പാർട്ടിയുമായി ബന്ധമില്ലെന്ന് അദ്ദേഹം പറഞ്ഞു
'അടഞ്ഞ അധ്യായം, ഭാരവാഹിത്വം ഉള്ളവർ കൂടെ പോയാൽ നടപടി': ഒളിവ് ജീവിതം അവസാനിപ്പിച്ച് എത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളി പാലക്കാട് DCC പ്രസിഡൻ്റ് | Rahul Mamkootathil
Updated on

പാലക്കാട്: ബലാത്സംഗ കേസിൽ 15 ദിവസത്തെ ഒളിവ് ജീവിതം അവസാനിപ്പിച്ച് പാലക്കാട് വോട്ട് ചെയ്യാനെത്തിയ രാഹുൽ മാങ്കൂട്ടത്തിലിനെ തള്ളിപ്പറഞ്ഞ് പാലക്കാട് ഡിസിസി പ്രസിഡന്റ് എ. തങ്കപ്പൻ. രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസിന് ഒരു അടഞ്ഞ അധ്യായമാണ് എന്നും അദ്ദേഹത്തിന്റെ വരവോ പോക്കോ പാലക്കാട് പാർട്ടിക്കു യാതൊരു പ്രതിസന്ധിയും സൃഷ്ടിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Palakkad DCC President rejects Rahul Mamkootathil, who has returned from absconding)

രാഹുലിന് കോൺഗ്രസുമായി യാതൊരു ബന്ധവുമില്ലെന്ന് തങ്കപ്പൻ ഉറപ്പിച്ചു പറഞ്ഞു. "രാഹുലിന്റെ വരവിലോ പോക്കിലോ പാർട്ടിക്കോ പാർട്ടി പ്രവർത്തകർക്കോ ഒരു ബന്ധവുമില്ല." എംഎൽഎ എന്ന നിലയിലാണ് ആളുകൾ രാഹുലിനൊപ്പം കൂടിയത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഹുലിന്റെ വരവ് താൻ മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും, രാഹുലുമായി ഏറ്റവും അടുപ്പം ഉണ്ടായിരുന്ന ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് പോലും അറിഞ്ഞത് ഇങ്ങനെയാണെന്നും ഡിസിസി പ്രസിഡന്റ് അറിയിച്ചു. രാഹുലിന്റെ കൂടെ ഭാരവാഹിത്വമുള്ളവർ പോയാൽ നടപടിയെടുക്കുമെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി.

കെ.എസ്.യു. നേതാവ് രാഹുലിനൊപ്പം ഉണ്ടായിരുന്നോ എന്ന ചോദ്യത്തിന്, അങ്ങനെ ഒരാളെ അറിയില്ലെന്നും അന്വേഷിച്ചപ്പോൾ കെ.എസ്.യു. ഭാരവാഹി ആരും ഇല്ലെന്നാണ് അറിയാൻ കഴിഞ്ഞതെന്നും തങ്കപ്പൻ മറുപടി നൽകി.

രാഹുലിനെ കോൺഗ്രസ് നേതാവ് അഭിവാദ്യം ചെയ്തത് യാദൃച്ഛികമായി സംഭവിച്ച കാര്യമാണെന്നും, "പെട്ടെന്ന് വീട്ടിൽ വന്നാൽ എന്താണ് ചെയ്യാൻ സാധിക്കുക, 'കടക്ക് പുറത്ത്' എന്ന് പറയാൻ കഴിയില്ലല്ലോ" എന്നും പറഞ്ഞ് തങ്കപ്പൻ ചോദ്യങ്ങളിൽ നിന്ന് ഒഴിഞ്ഞുമാറി. "ഇതൊന്നും പാർട്ടിയുമായി ബന്ധപ്പെടുത്തി പറയല്ലേ" എന്നും അദ്ദേഹം അഭ്യർഥിച്ചു. കൂടാതെ, രാഹുൽ ഇപ്പോൾ കോൺഗ്രസിന്റെ എംഎൽഎ അല്ലെന്നും എ. തങ്കപ്പൻ എടുത്തുപറഞ്ഞു.

15 ദിവസത്തെ ഒളിവുജീവിതത്തിന് ശേഷം തിരിച്ചെത്തിയ രാഹുൽ മാങ്കൂട്ടത്തിൽ നിലവിൽ പാലക്കാട് തന്നെ തുടരുകയാണ്. രണ്ടാം കേസിൽ അറസ്റ്റ് തടഞ്ഞ ഉത്തരവിനെതിരായ അപ്പീലിലെ തീരുമാനം അറിഞ്ഞ ശേഷമാകും അദ്ദേഹത്തിന്റെ തുടർ നീക്കം. ഇന്ന് അടൂരിലെ വീട്ടിലേക്ക് പോകാൻ സാധ്യതയുണ്ടെന്നാണ് സൂചനകൾ. രാഹുലിന്റെ വരവിൽ കോൺഗ്രസിനുള്ളിൽ ഭിന്നാഭിപ്രായമാണ് നിലനിൽക്കുന്നത്.

Related Stories

No stories found.
Times Kerala
timeskerala.com