പാലക്കാട്: ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐക്കെതിരെയും സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെയും രൂക്ഷമായ കടന്നാക്രമണവുമായി സിപിഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എസ്. അജയകുമാർ. ബിനോയ് വിശ്വം പെരുമാറുന്നത് ഒരു നാലാംകിട രാഷ്ട്രീയക്കാരനെപ്പോലെയാണെന്ന് അദ്ദേഹം വിമർശിച്ചു.(Palakkad CPM leader against Binoy Viswam and CPI)
തിരഞ്ഞെടുപ്പിൽ ജയിച്ചാൽ ക്രെഡിറ്റ് എടുക്കുകയും തോറ്റാൽ അതിന്റെ ഉത്തരവാദിത്തം സിപിഎമ്മിന്റെ തലയിൽ ഇടുകയുമാണ് സിപിഐ ചെയ്യുന്നത്. ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് ഇവർക്കെന്ന് അജയകുമാർ പരിഹസിച്ചു. സംസ്ഥാനത്ത് കേവലം അഞ്ച് ശതമാനം വോട്ട് മാത്രമുള്ള സിപിഐക്ക് ഒരു മണ്ഡലത്തിൽ പോലും ഒറ്റയ്ക്ക് നിന്ന് ജയിക്കാനാവില്ല. നാലുപേരുള്ള ഇടത്ത് അഞ്ച് സീറ്റ് ചോദിക്കുന്നതാണ് ഇവരുടെ രീതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെയും മറ്റ് മന്ത്രിമാരെയും വിമർശിക്കുന്ന സിപിഐ നേതാക്കൾ സ്വന്തം വകുപ്പുകൾ 'പത്തരമാറ്റ് തങ്കം' ആണോ എന്ന് പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മറുവശത്ത്, എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായുള്ള എൽഡിഎഫ് ബന്ധത്തിനെതിരെ സിപിഐ പാലക്കാട് ജില്ലാ കമ്മിറ്റിയിൽ വലിയ വിമർശനം ഉയർന്നു. വെള്ളാപ്പള്ളിയെ ചുമക്കുന്നത് എൽഡിഎഫിന് വലിയ ബാധ്യതയാകുമെന്ന് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നൽകി.