പാലക്കാട്: സി.പി.ഐ.എം. പാലക്കാട് എലപ്പുള്ളി തറക്കളം ബ്രാഞ്ച് സെക്രട്ടറി ശിവകുമാർ (29)-നെ വീടിനു സമീപത്തെ മരക്കൊമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഡി.വൈ.എഫ്.ഐ. എലപ്പുള്ളി വെസ്റ്റ് മേഖലാ കമ്മിറ്റി അംഗവും പി.കെ.എസ്. വില്ലേജ് കമ്മിറ്റി അംഗവുമാണ് അദ്ദേഹം.(Palakkad CPIM branch secretary found dead)
ഇന്നലെ ഉച്ചകഴിഞ്ഞാണ് സംഭവം. സമീപവാസിയാണ് വീടിന് സമീപത്തെ പറമ്പിൽ മരക്കൊമ്പിൽ ഇദ്ദേഹത്തെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന പാർട്ടി സ്ഥാനാർഥിയുടെ നാമനിർദേശ പത്രികാ സമർപ്പണത്തിൽ പങ്കെടുത്തതിന് ശേഷമാണ് ശിവകുമാർ വീട്ടിൽ തിരിച്ചെത്തിയത്. തിങ്കളാഴ്ച 12 മണിയോടെ എലപ്പുള്ളി ഗ്രാമപ്പഞ്ചായത്തിലെ 19-ാം വാർഡിലെ പാർട്ടി സ്ഥാനാർഥിക്കൊപ്പമാണ് അദ്ദേഹം പത്രികാ സമർപ്പണത്തിൽ പങ്കെടുത്തത്.
പിന്നീട് വീട്ടിലേക്ക് മടങ്ങിയ ശേഷം ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ശിവകുമാർ ഫോൺ എടുത്തിരുന്നില്ലെന്ന് സുഹൃത്തുക്കളും പ്രാദേശിക നേതാക്കളും പറഞ്ഞു. കസബ പോലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. മരണത്തിനിടയാക്കിയ കാരണം സംബന്ധിച്ച് വ്യക്തതയില്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹം നിലവിൽ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കഴിഞ്ഞ അഞ്ചുവർഷമായി സി.പി.ഐ.എം. തറക്കളം ബ്രാഞ്ച് സെക്രട്ടറിയാണ് ശിവകുമാർ. വടക്കോട് സ്വകാര്യ ഫാമിൽ സൂപ്പർവൈസറായും പത്രവിതരണസഹായിയായും അദ്ദേഹം ജോലി ചെയ്തു വരികയായിരുന്നു.