

പാലക്കാട്: ചിറ്റൂർ കറുകമണി എരുമങ്കോട് നിന്ന് നാല് വയസുകാരനെ കാണാതായി. എരുമങ്കോട് സ്വദേശിയായ സുഹാനെയാണ് ശനിയാഴ്ച രാവിലെ മുതൽ കാണാതായത്. കുട്ടിക്കായി ചിറ്റൂർ പൊലീസിന്റെ നേതൃത്വത്തിൽ പ്രദേശത്ത് വ്യാപക തെരച്ചിൽ ആരംഭിച്ചു.
ശനിയാഴ്ച രാവിലെ 11 മണിയോടെയാണ് സുഹാനെ കാണാതായത്. വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. സംസാരിക്കാൻ നേരിയ ബുദ്ധിമുട്ടുള്ള കുട്ടിയാണ് സുഹാൻ. അതിനാൽ തന്നെ പേര് വിളിച്ചാൽ പെട്ടെന്ന് പ്രതികരിക്കാൻ കുട്ടിക്ക് പ്രയാസമാണ്.
കുട്ടിയെ കാണാതായ വിവരം ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ വീട്ടുകാരും നാട്ടുകാരും ചേർന്ന് പരിസരപ്രദേശങ്ങളിലും തോട്ടങ്ങളിലും പരിശോധന നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് വിവരം ചിറ്റൂർ പൊലീസിൽ അറിയിക്കുകയായിരുന്നു.
ചിറ്റൂർ പൊലീസും ഫയർഫോഴ്സും നാട്ടുകാരും ചേർന്നാണ് ഇപ്പോൾ തെരച്ചിൽ നടത്തുന്നത്. സമീപത്തെ ജലാശയങ്ങളും ആളൊഴിഞ്ഞ പറമ്പുകളും കേന്ദ്രീകരിച്ച് പരിശോധന പുരോഗമിക്കുകയാണ്. കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ തന്നെ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ ചിറ്റൂർ പോലീസിനെയോ വിവരം അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.