

ചിറ്റൂർ (പാലക്കാട്): ഓൺലൈൻ ലോൺ ആപ്പുകളുടെ ഭീഷണിയെത്തുടർന്ന് യുവാവ് ആത്മഹത്യ ചെയ്തു. കഞ്ചിക്കോട് മേനോൻപാറ സ്വദേശി അജീഷ് (35) ആണ് കഴിഞ്ഞ തിങ്കളാഴ്ച വീട്ടിൽ ജീവനൊടുക്കിയത്. അജീഷിന്റെ മരണശേഷവും ഫോണിലേക്ക് ഭീഷണി സന്ദേശങ്ങൾ എത്തിയതോടെയാണ് മാഫിയയുടെ ക്രൂരത പുറംലോകമറിഞ്ഞത്.
ഓൺലൈൻ ലോൺ ആപ്പ് വഴി അജീഷ് 6,000 രൂപയാണ് വായ്പയെടുത്തത്. എല്ലാ ആഴ്ചയും 1,000 രൂപ വീതം തിരിച്ചടയ്ക്കണമെന്നായിരുന്നു നിബന്ധന. തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അജീഷിനെ ഭീഷണിപ്പെടുത്താൻ തുടങ്ങി. അജീഷിന്റെ ഫോണിലെ കോൺടാക്റ്റുകൾ കൈക്കലാക്കിയ സംഘം ബന്ധുക്കളുടെ വിവരങ്ങൾ ഉൾപ്പെടെ ശേഖരിച്ചു. മോർഫ് ചെയ്ത അശ്ലീല ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെന്നായിരുന്നു പ്രധാന ഭീഷണി.
അജീഷ് മരിച്ച വിവരം അറിയാതെയും ലോൺ ആപ്പ് പ്രതിനിധികൾ വാട്‌സ്ആപ്പിലൂടെ ഭീഷണി സന്ദേശങ്ങളും മോർഫ് ചെയ്ത ചിത്രങ്ങളും അയച്ചുകൊണ്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് പോലീസിൽ പരാതി നൽകിയത്. അജീഷിന്റെ ഫോൺ രേഖകളും ഭീഷണി സന്ദേശങ്ങളും പരിശോധിച്ച കൊഴിഞ്ഞാമ്പാറ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇത്തരം ലോൺ ആപ്പുകൾക്കെതിരെ ജാഗ്രത പാലിക്കണമെന്ന് സൈബർ പോലീസ് മുന്നറിയിപ്പ് നൽകി.