
പാലക്കാട്: കോൺഗ്രസിൽ നിന്ന് പുറത്താക്കിയ യൂത്ത് കോൺഗ്രസിന്റെ മുൻ സംസ്ഥാന ജനറൽ സെക്രട്ടറി ഷാനിബ് പാലക്കാട് സ്വതന്ത്ര സ്ഥാനാർഥിയാകുമെന്ന് സൂചന. ഇന്ന് 10.45ന് ഷാനിബ് പാലക്കാട് വാർത്താ സമ്മേളനം നടത്തും.
പാർട്ടി നേതൃത്വത്തിനെതിരെ വിമർശനം ഉന്നയിച്ചതിന് പിന്നാലെയാണ് ഷാനിബിനെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. പാലക്കാട് ഡിസിസി നേതൃത്വമാണ് എ.കെ.ഷാനിബിനെതിരെ നടപടി എടുത്തത്. രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർഥിയാക്കിയ പാർട്ടിയുടെ തീരുമാനത്തിനെതിരെയാണ് ഷാനിബ് പ്രതിഷേധവുമായി രംഗത്തെത്തിയത്. സ്ഥാനാർത്ഥി നിർണയത്തിൽ നേതൃത്വം കൂടിയാലോചനകൾ നടത്തിയില്ലെന്ന് ആരോപിച്ച് പ്രതിപക്ഷ നേതാവിനെതിരെയും, ഷാഫി പറമ്പിൽ എംപിക്കെതിരെയും ഗുരുതര ആരോപണങ്ങളായിരുന്നു ഷാനിബ് ഉയർത്തിയത്.