പാലക്കാട്: റോഡ് ഉദ്ഘാടന പരിപാടിയിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയോടൊപ്പം വേദി പങ്കിട്ട പാലക്കാട് നഗരസഭ ചെയർപേഴ്സൺ പ്രമീള ശശിധരൻ വിവാദത്തിൽ. സംഭവത്തിൽ പ്രമീളയെ പിന്തുണച്ചും വിമർശിച്ചും ബിജെപി നേതാക്കൾ രംഗത്തെത്തിയതോടെ, വിഷയത്തിൽ നടപടിയെടുക്കുന്നതിനെക്കുറിച്ച് തീരുമാനിക്കാൻ ഇന്ന് ഉച്ചയ്ക്ക് ജില്ലാ കമ്മറ്റി യോഗം ചേരും.(Palakkad BJP chairperson in trouble for sharing stage with Rahul Mamkootathil MLA )
സംഭവത്തിൽ മുതിർന്ന നേതാക്കൾ പ്രമീളയോട് പ്രാഥമിക വിവരങ്ങൾ തേടി. എന്നാൽ, പറയാനുള്ള കാര്യങ്ങൾ സംസ്ഥാന നേതൃത്വത്തോട് മാത്രമേ പറയൂ എന്ന നിലപാടിലാണ് പ്രമീള ശശിധരൻ. ജില്ലാ നേതൃത്വം അവരോട് വിശദീകരണം തേടും.
ചെയർപേഴ്സണെ തള്ളിക്കളയാത്ത നിലപാടാണ് മുതിർന്ന ബിജെപി നേതാവ് എൻ. ശിവരാജൻ സ്വീകരിച്ചത്. "ചെയർപേഴ്സൺ എന്ന നിലയ്ക്ക് പോയതാണെന്നും, രാഹുൽ വരുന്ന കാര്യം അവർ അറിഞ്ഞില്ലെന്നുമാണ്" ശിവരാജൻ്റെ വിശദീകരണം. ജനാധിപത്യ പാർട്ടിയായതിനാൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
യുവതികളുടെ ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ പൊതുപരിപാടികളിൽ നിന്ന് വിട്ടുനിന്നിരുന്നു. എംഎൽഎയെ പൊതുപരിപാടികളിൽ പങ്കെടുപ്പിക്കില്ലെന്നായിരുന്നു ബിജെപിയുടെയും സിപിഎമ്മിന്റെയും നിലപാട്.
ഇന്നലെ നഗരത്തിലെ സ്റ്റേഡിയം ബൈപാസ് റോഡ് ഉദ്ഘാടനത്തിലാണ് ബിജെപി ചെയർപേഴ്സണായ പ്രമീള ശശിധരൻ എംഎൽഎയോടൊപ്പം പങ്കെടുത്തത്. പിന്നീട് കെഎസ്ആർടിസി ബസ്സിൻ്റെ ഉദ്ഘാടനത്തിനും റോഡ് ഉദ്ഘാടനത്തിനും എംഎൽഎ പങ്കെടുത്തിരുന്നു. എംഎൽഎയെ തടയുമെന്ന നിലപാടിലായിരുന്നു ബിജെപിയും സിപിഎമ്മും. ഈ സാഹചര്യത്തിലാണ് രാഹുൽ പങ്കെടുത്ത വേദിയിൽ നഗരസഭ ചെയർപേഴ്സൺ പങ്കെടുത്തത് പാർട്ടിക്കുള്ളിൽ വലിയ വിവാദമായത്.