'പത്മകുമാറിൻ്റേത് അവധാനത ഇല്ലായ്മ, അറസ്റ്റ് ഭരണപരമായ വീഴ്ചയിൽ ': ശബരിമല സ്വർണക്കൊള്ളയിൽ പി ജയരാജൻ | Sabarimala

ഇത് നീതീകരിക്കാൻ ആകില്ല എന്നാണ് അദ്ദേഹം പറഞ്ഞത്
Padmakumar's arrest is due to administrative lapse, P Jayarajan on Sabarimala gold theft
Published on

കണ്ണൂർ: ശബരിമല സ്വർണക്കൊള്ളക്കേസിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. പത്മകുമാർ അറസ്റ്റിലായ സംഭവത്തിൽ പ്രതികരണവുമായി മുതിർന്ന നേതാവ് പി. ജയരാജൻ. പത്മകുമാറിൻ്റേത് 'അവധാനതയില്ലായ്മ' ആണെന്നും, അറസ്റ്റ് ഭരണപരമായ വീഴ്ചയുടെ പേരിലാണെന്നും പി. ജയരാജൻ പറഞ്ഞു.(Padmakumar's arrest is due to administrative lapse, P Jayarajan on Sabarimala gold theft)

ഫയലുകളിൽ 'ചെമ്പുപാളി' എന്ന് ഉദ്യോഗസ്ഥർ എഴുതിയത് തിരുത്തുന്നതിൽ പത്മകുമാറിനും മുൻ ദേവസ്വം കമ്മീഷണർക്കും വീഴ്ച പറ്റിയതായി ജയരാജൻ ചൂണ്ടിക്കാട്ടി. "ഉത്തരവാദിത്തപ്പെട്ടവർ ഭരണപരമായ കാര്യങ്ങളിൽ കാണിക്കുന്ന അവധാനതയില്ലായ്മ നീതീകരിക്കാൻ ആകില്ല," എന്നും അദ്ദേഹം വ്യക്തമാക്കി.

അറസ്റ്റിലായ മുൻ ദേവസ്വം പ്രസിഡന്റ് എ. പത്മകുമാറിന് കുരുക്കായത് സ്വന്തം കൈപ്പടയിലെഴുതിയ രേഖകളാണ് എന്നാണ് റിപ്പോർട്ട്. ഉണ്ണികൃഷ്ണൻ പോറ്റിക്ക് പാളികൾ കൈമാറാനുള്ള നിർദേശം ദേവസ്വം ബോർഡിൽ ആദ്യം അവതരിപ്പിച്ചത് എ. പത്മകുമാർ ആണെന്ന് എസ്.ഐ.ടി. കണ്ടെത്തി.

അപേക്ഷ താഴെത്തട്ടിൽ നിന്ന് വരട്ടെ എന്ന് ബോർഡ് നിർദേശിച്ചതോടെ മുരാരിയിൽ നിന്നും കത്തിടപാടുകൾ ആരംഭിച്ചു. പോറ്റിക്ക് അനുകൂലമായ നിർദേശങ്ങൾ പത്മകുമാർ നൽകിയെന്നാണ് ഉദ്യോഗസ്ഥ മൊഴി. ബോർഡ് മിനുട്സിൽ മറ്റ് അംഗങ്ങൾ അറിയാതെ പത്മകുമാർ തിരുത്തൽ വരുത്തിയെന്നും എസ്.ഐ.ടി. കണ്ടെത്തിയിട്ടുണ്ട്.

അറസ്റ്റിന് തൊട്ടുമുമ്പ് "നിങ്ങൾ വരുമെന്ന് ഉറപ്പായിരുന്നു" എന്നാണ് പത്മകുമാർ അന്വേഷണ സംഘത്തോട് പ്രതികരിച്ചതെന്നാണ് റിപ്പോർട്ട്. എ. പത്മകുമാറിനെ അന്വേഷണ സംഘം കസ്റ്റഡിയിൽ വാങ്ങും. ഇതിനായുള്ള റിപ്പോർട്ട് തിങ്കളാഴ്ച കോടതിയിൽ നൽകും. ദേവസ്വം ബോർഡ് ആസ്ഥാനത്ത് നിന്നും പിടിച്ചെടുത്ത രേഖകളും ഉദ്യോഗസ്ഥ മൊഴിയുമാണ് പത്മകുമാറിന് തിരിച്ചടിയായത്. റിമാൻഡ് റിപ്പോർട്ടിലും പത്മകുമാറിൻ്റെ ഇടപെടൽ പ്രത്യേക അന്വേഷണ സംഘം വ്യക്തമാക്കിയിട്ടുണ്ട്.

രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാക്കുന്ന നടപടിയായതിനാൽ അറസ്റ്റിന് മുൻപ് പ്രത്യേക സംഘം കരുതലോടെയാണ് നീക്കങ്ങൾ നടത്തിയത്. ഇന്നലെ ഉച്ചയ്ക്ക് ശേഷം 3.30 ഓടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

Related Stories

No stories found.
Times Kerala
timeskerala.com