വയനാട് : കുറച്ചു വ്യക്തികൾ ചേർന്ന് തങ്ങളെയും പാർട്ടിയെയും നശിപ്പിച്ചുവെന്ന് എൻ എം വിജയൻറെ മരുമകൾ പത്മജ. താൻ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി നേരിടുന്നത് കടുത്ത മാനസിക സമ്മർദമാണ്. കെ പി സി സി നേതൃത്വം തന്ന വാക്ക് മാറ്റുകയാണ് ചെയ്യുന്നത്. ബാധ്യതകൾ ഒറ്റയ്ക്ക് തീർക്കാൻ കഴിയുന്നില്ല. കുട്ടികൾ ഉള്ളത്കൊണ്ട് മാത്രമാണ് ഇത്രയും നാൾ പിടിച്ചു നിന്നതെന്നും പത്മജ പ്രതികരിച്ചു.
ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പത്മജ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഉടൻ തന്നെ ബത്തേരിയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബത്തിൻറെ സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നതിൽ നിന്ന് കോൺഗ്രസ് പിന്മാറി എന്ന് ആരോപിച്ച ശേഷമാണ് ആത്മഹത്യാശ്രമം. ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
അതേ സമയം, കോൺഗ്രസ് വെറുതെ വിടില്ലെന്ന് അമ്മ പറഞ്ഞിരുന്നുവെന്ന് പത്മജയുടെ മകൻ. കിടന്നിട്ട് വരാമെന്ന് പറഞ്ഞ് റൂമിൽ പോയതാണ് അമ്മയെന്നും ആദ്യം കൈഞരമ്പു കൈമുറിച്ചുവെന്നും പിന്നീട് വീണ്ടും മുറിക്കാൻ ശ്രമിച്ചു എന്നും മകൻ പറയുന്നു. പാർട്ടിക്കാരുമായി ബന്ധപ്പെട്ട് നല്ല വിഷമം ഉണ്ടായിരുന്നു. മര്യാദക്ക് ജീവിച്ച് കൊണ്ടിരുന്ന കുടുംബം ഇങ്ങനെയായി. ഞങ്ങൾ എങ്ങനെ ജീവിക്കും എന്നും മകൻ ചോദിക്കുന്നു.