

ന്യൂഡൽഹി: പരിസ്ഥിതി സംരക്ഷണത്തിനായി ജീവിതം ഉഴിഞ്ഞുവെച്ച ആലപ്പുഴ മുതുകുളം സ്വദേശി കൊല്ലക്കയിൽ ദേവകി അമ്മയ്ക്ക് പത്മശ്രീ പുരസ്കാരം. പതിറ്റാണ്ടുകളായി പാരിസ്ഥിതിക മേഖലയിൽ നൽകി വരുന്ന സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കേന്ദ്ര സർക്കാരിന്റെ ഈ ഉന്നത ബഹുമതി. 'അൺസംഗ് ഹീറോസ്' (നിശബ്ദ സേവകർ) എന്ന വിഭാഗത്തിൽ ഉൾപ്പെടുത്തിയാണ് ദേവകി അമ്മയെ രാജ്യം ആദരിച്ചത്.
ആലപ്പുഴ ജില്ലയിലെ കാർത്തികപ്പള്ളി താലൂക്കിലെ മുതുകുളത്തുള്ള തന്റെ അഞ്ച് ഏക്കർ ഭൂമിയിൽ ദേവകി അമ്മ നട്ടുവളർത്തിയ വനം ഇന്ന് ലോകത്തിന് തന്നെ മാതൃകയാണ്. 'തപസ്വനം' എന്ന് പേരിട്ടിരിക്കുന്ന ഈ മനുഷ്യനിർമ്മിത വനത്തിൽ മൂവായിരത്തിലധികം ഔഷധസസ്യങ്ങളും വൻമരങ്ങളുമാണ് പരിപാലിക്കപ്പെടുന്നത്. ഒരു തൈ നട്ടുകൊണ്ട് തുടങ്ങിയ തന്റെ പ്രകൃതിസ്നേഹം ഒരു വലിയ വനമായി മാറ്റിയെടുക്കാൻ ദേവകി അമ്മയ്ക്ക് കഴിഞ്ഞു.
ഇന്ത്യയുടെ നാരീശക്തി പുരസ്‌കാരം ഉൾപ്പെടെ നിരവധി അംഗീകാരങ്ങൾ നേരത്തെ ദേവകി അമ്മയെ തേടിയെത്തിയിട്ടുണ്ട്. ഇത്തവണ പത്മശ്രീ ലഭിച്ച 45 നിശബ്ദ സേവകരുടെ പട്ടികയിലാണ് ദേവകി അമ്മ ഇടംപിടിച്ചത്. കുറുമ്പ ഗോത്ര വിഭാഗത്തിലെ ചിത്രകാരനായ നീലഗിരി സ്വദേശി ആർ. കൃഷ്ണനും മരണാനന്തര ബഹുമതിയായി പത്മശ്രീ ലഭിച്ചു.
അങ്കെ ഗൗഡ (കർണാടക), അർമിഡ ഫെർണാണ്ടസ് (മഹാരാഷ്ട്ര), ബുദ്രി താതി (ഛത്തീസ്ഗഡ്) തുടങ്ങി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പ്രമുഖരും ഇത്തവണത്തെ പത്മശ്രീ പട്ടികയിലുണ്ട്.