പാലക്കാട്: വിള കലണ്ടർ പ്രകാരമുള്ള നടീൽ സമയം അടുത്തിട്ടും കൃഷി വകുപ്പിന്റെ ഭാഗത്തുനിന്ന് ആവശ്യമായ നെൽവിത്ത് ലഭിക്കാത്തത് ആലത്തൂരിലെ കർഷകരെ പ്രതിസന്ധിയിലാക്കി. ഒക്ടോബർ 11-നും 25-നും ഇടയിൽ ഞാറ്റടി തയ്യാറാക്കി, നവംബർ അഞ്ചിനും 15-നും ഇടയിൽ നടീൽ പൂർത്തിയാക്കാനാണ് കൃഷി വകുപ്പിന്റെ വിള കലണ്ടർ നിർദേശിക്കുന്നത്. എന്നാൽ ഒക്ടോബർ 27 ആയിട്ടും സീഡ് അതോറിറ്റിയിൽനിന്ന് സബ്‌സിഡി നിരക്കിലുള്ള വിത്ത് ആവശ്യത്തിന് നൽകാൻ കൃഷി വകുപ്പിന് സാധിച്ചിട്ടില്ല.(Paddy cultivation in crisis in Alathur, Seeds unavailable)
ലഭ്യമായ വിത്തുകളുടെ കാര്യത്തിലും കർഷകർക്ക് പരാതിയുണ്ട്. ചില കൃഷിഭവനുകളിൽ ലഭിച്ച വിത്തിൽ കലർപ്പും പതിരും ഉള്ളതാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്. ആവശ്യത്തിന് ഗുണനിലവാരമുള്ള വിത്ത് ലഭിക്കാതെ വന്നതോടെ കർഷകർ നെട്ടോട്ടത്തിലാണ്. രണ്ടാംവിള കൃഷിക്ക് ജലസേചനം പൂർണമായും കനാൽ വെള്ളത്തെ ആശ്രയിച്ചായതിനാൽ, നടീൽ വൈകുന്നത് വിളവിനെ പ്രതികൂലമായി ബാധിക്കുമോ എന്ന ആശങ്കയിലാണ് കർഷകർ.
തദ്ദേശ സ്ഥാപനങ്ങളുടെ സബ്‌സിഡി ഉപയോഗപ്പെടുത്തി 30-31 രൂപയ്ക്കാണ് കൃഷിഭവനുകൾ നെൽവിത്ത് ലഭ്യമാക്കുന്നത്. എന്നാൽ വിത്ത് കിട്ടാതായതോടെ കർഷകർക്ക് സ്വകാര്യ വിപണിയെ ആശ്രയിക്കേണ്ടി വരുന്നു. സ്വകാര്യ ഏജൻസികൾ 40-45 രൂപയ്ക്കാണ് വിത്ത് വിൽക്കുന്നത്. ഇതിന്റെ ഗുണനിലവാരത്തിൽ ഉറപ്പില്ലെന്നതാണ് പ്രധാന പ്രശ്നം.
ചില ചെറുകിട മില്ലുകളും നെല്ല് ഏജൻ്റുമാരും കഴിഞ്ഞ വർഷത്തെ നെല്ലിലെ പതിരുനീക്കി വിത്തെന്ന പേരിൽ വിൽക്കുന്നുണ്ട്. ഈ വിത്തുകളിൽ കലർപ്പുണ്ടാകാൻ സാധ്യതയുണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ മറ്റ് വഴികളില്ലെന്നാണ് കർഷകർ പറയുന്നത്.