ഇടുക്കി: സംസ്ഥാനത്തെ ജനവാസ മേഖലകളിൽ കാട്ടാന ശല്യം രൂക്ഷമാകുന്നു. മൂന്നാറിലെയും അതിരപ്പള്ളിയിലെയും ജനവാസ കേന്ദ്രങ്ങളിൽ കാട്ടാനകൾ നിലയുറപ്പിച്ചത് ജനങ്ങളെ ആശങ്കയിലാഴ്ത്തി.(Padayappa the wild elephant destroys crops again in Munnar)
മൂന്നാറിലെ കുണ്ടള എസ്റ്റേറ്റ് ജനവാസ മേഖലയിൽ പടയപ്പ എന്ന കാട്ടാന വീണ്ടും ഇറങ്ങി. പ്രദേശത്ത് വ്യാപകമായി കൃഷി നശിപ്പിച്ചതായി നാട്ടുകാർ പരാതിപ്പെട്ടു. ലയങ്ങളോട് ചേർന്ന് കൃഷി ചെയ്തിരുന്ന വിളകളാണ് പടയപ്പ നശിപ്പിക്കുകയും ഭക്ഷിക്കുകയും ചെയ്തത്.
കാട്ടാന ഇപ്പോഴും ജനവാസ മേഖലയിൽ തുടരുന്നത് തോട്ടം തൊഴിലാളികളിൽ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. വനം വകുപ്പ് അടിയന്തരമായി ഇടപെടണമെന്നും റാപ്പിഡ് റെസ്‌പോൺസ് ടീം (RRT) എത്തി കാട്ടാനയെ പ്രദേശത്തുനിന്ന് തുരത്തണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം.
തൃശൂർ അതിരപ്പള്ളിയിലെ പ്ലാന്റേഷന് സമീപമുള്ള ജനവാസ മേഖലയിലും കാട്ടാനക്കൂട്ടം ഇറങ്ങി. നാലോളം കാട്ടാനകളാണ് പ്രദേശത്ത് നിലയുറപ്പിച്ചിരിക്കുന്നത്.
വൈദ്യുതി വേലി നിർമ്മാണം പൂർത്തിയാകാത്ത ഇടത്തിലൂടെയാണ് കാട്ടാനകൾ ജനവാസമേഖലയിൽ പ്രവേശിച്ചത്. വെള്ളപ്പാറ ഭാഗത്താണ് കാട്ടാനക്കൂട്ടം നിലയുറപ്പിച്ചിരിക്കുന്നത്.