ജില്ലയിലെ പ്രധാന പദ്ധതികളിൽ ഉൾപ്പെട്ട പടഹാരം പാലം ജനുവരി പകുതുയോടെയും പെരുമ്പളം പാലം ഈ മാസം അവസാനവും നിർമ്മാണം പൂർത്തിയാക്കി ഉദ്ഘാടനത്തിന് സജ്ജമാക്കുമെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് പറഞ്ഞു. ജില്ലയിലെ വിവിധ വകുപ്പുകളുടെ പ്രവർത്തനപുരോഗതി വിലയിരുത്തുന്നതിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ച മന്ത്രിതല അവലോകന യോഗത്തിൽ അധ്യക്ഷത വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫിഷറീസ് സാംസ്കാരിക വകുപ്പുമന്ത്രി സജി ചെറിയാൻ ഓൺലൈനായി യോഗത്തിൽ പങ്കെടുത്തു. നവകേരള സദസ്സിന്റെ ഭാഗമായി സർക്കാർ ജില്ലയിലെ എല്ലാ മണ്ഡലത്തിലും അനുവദിച്ച പ്രത്യോക പദ്ധതികൾക്ക് പണം ലഭ്യമായിട്ടുണ്ട്. ഇത് എത്രയും വേഗം തുടങ്ങും. ഈ പ്രവർത്തങ്ങളെക്കുറിച്ച് അതത് മണ്ഡലങ്ങളിലെ എംഎൽഎമാരുമായി ചർച്ച ചെയ്യണം. പ്രവർത്തനങ്ങളിൽ പിന്നിൽ നിൽക്കുന്ന വകുപ്പുകൾ ഉടൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്നും മന്ത്രി കർശന നിർദേശം നൽകി. (P. Prasad)
ജില്ലയിൽ നിലവിൽ പൂർത്തീകരണ ഘട്ടത്തിലുള്ള പദ്ധതികൾ ജനുവരി, ഫെബ്രുവരി മാസങ്ങളിൽ തന്നെ പൂർത്തിയാക്കണമെന്ന് മന്ത്രി ഉദ്യോഗസ്ഥരോട് നിർദേശിച്ചു. ഫെബ്രുവരി 21ന് ശേഷം പ്രവർത്തനങ്ങൾ നീണ്ടുപോകരുത്. സർക്കാർ ഇടപെടൽ അടിയന്തരമായി ആവശ്യമായ പ്രവർത്തനങ്ങളെക്കുറിച്ച് ഉദ്യോഗസ്ഥർ റിപ്പോർട്ട് നൽകണം.
പെരുമ്പളം പാലത്തിന്റെ പ്രവേശന റോഡിന്റെ നിർമ്മാണം പുരോഗമിക്കുകയാണെന്ന് യോഗത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അറിയിച്ചു. പ്രളയത്തിൽ തകർന്ന ശാർങ്ങക്കാവ് പാലത്തിന്റെ നിർമ്മാണം ജനുവരിയിൽ പൂർത്തിയാകും. ജില്ലയിൽ 34,000ത്തോളം ലൈഫ് വീടുകൾ പൂർത്തിയായി. അഞ്ച് സ്മാർട്ട് കൃഷിഭവനുകളുടെ നിർമ്മാണ പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കും. ചേർത്തല സൗത്തിൽ നിർമിക്കാൻ പോകുന്ന അഗ്രോ പാർക്കിനുള്ള സ്ഥലത്തിനുള്ള ഉപയോഗാനുമതി കൃഷി വകുപ്പിന് നൽകിയിട്ടുണ്ട്. ചെങ്ങന്നൂർ മണ്ഡലത്തിൽ ടൂറിസം വകുപ്പിന്റെ പ്രധാന പദ്ധതിയായ ആലാ പൂമലച്ചാൽ ടൂറിസം പദ്ധതി ജനുവരിയിൽ പ്രവർത്തനം ആരംഭിക്കും. 3.42 കോടി രൂപ ചെലവിലാണ് നിർമ്മാണം. ചേർത്തല പോളിടെക്‌നിക് പുതിയ കെട്ടിടം ഫെബ്രുവരിയിൽ ഉദ്ഘാടനത്തിനായി തയ്യാറാകുമെന്നും വകുപ്പ് തല ഉദ്യോഗസ്ഥർ അറിയിച്ചു. കൂടാതെ കെട്ടിടം നിർമാണം പൂർത്തിയായി സ്കൂളുകളിലെ ഉദ്ഘാടനം ഉടൻ നടത്താനും നിർദ്ദേശിച്ചു. യോഗത്തിൽ ജില്ലാ കളക്ടർ അലക്സ് വർഗീസ്, എഡിഎം ആശാ സി എബ്രഹാം, വിവിധ വകുപ്പുകളുടെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.