

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി ശശി തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ ഭയമില്ലെന്ന് പ്രതികരിച്ച് രംഗത്ത്. ആർക്കും എന്ത് ആരോപണവും ഉന്നയിക്കാൻ സ്വാതന്ത്ര്യമുണ്ടെന്ന് പറഞ്ഞ അദ്ദേഹം, തനിക്ക് ഇതൊന്നും പുതിയ കാര്യങ്ങളല്ല എന്നും കൂട്ടിച്ചേർത്തു. ( P Sasi over allegations raised by PV Anvar MLA)
എസ് എഫ് ഐ സംസ്ഥാന സെക്രട്ടറിയായ കാലം മുതൽ തന്നെ ഇത്തരം ആക്രമണങ്ങൾ താൻ നേരിടുന്നുണ്ടെന്നും, എന്നിട്ടും താൻ ഇതുവരെയെത്തിയെന്നും പറഞ്ഞ അദ്ദേഹം അത് മതിയെന്നും, തനിക്ക് ഭയമോ ആശങ്കയോ ഇല്ലെന്നും പ്രതികരിച്ചു. തനിക്ക് സർവാധികാരി മനോഭാവം ഇല്ലെന്നും ശശി വ്യക്തമാക്കി.
പി ശശിയുടെ ഈ പ്രതികരണം ഒരു ഇംഗ്ലീഷ് വാരികയ്ക്ക് നൽകിയ അഭിമുഖത്തിലാണ്.
അതേസമയം, പി ശശിക്കെതിരെ പി വി അൻവർ എം എൽ എ നൽകിയ പരാതി ഗൗരവത്തോടെ കാണുമെന്നാണ് സി പി എം നേതൃത്വത്തിൽ നിന്ന് ലഭിക്കുന്ന വിവരം. സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനാണ് അൻവർ പരാതി നൽകിയത്.