കൊച്ചി: അന്തരിച്ച മുതിർന്ന കോൺഗ്രസ് നേതാവ് പിപി തങ്കച്ചന്റെ മൃതദേഹം പൊതുദർശനത്തിന് വെക്കില്ലെന്ന് തീരുമാനം.പൊതുദർശനം വേണ്ടെന്ന പി പി തങ്കച്ചന്റെ ആഗ്രഹപ്രകാരമാണ് തീരുമാനം. നാളെ രാവിലെ 11 മണിയോടെ അദ്ദേഹത്തിന്റെ മൃതദേഹം പെരുമ്പാവൂരിലെ വീട്ടിൽ എത്തിക്കും. ശനിയാഴ്ച ഉച്ചയോടെ നെടുമ്പാശ്ശേരി അകപ്പറമ്പ് യാക്കോബായ പള്ളിയിലാണ് സംസ്കാരം നടക്കുക.
ഇന്ന് വൈകുന്നേരം 4.30നാണ് പിപി തങ്കച്ചൻ അന്തരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു അദ്ദേഹം.വെൻറിലേറ്റർ സഹായത്തോടെയായിരുന്നു ജീവൻ നിലനിർത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാൽ ഇന്ന് രാവിലെ സ്ഥിതി വീണ്ടും മോശമാവുകയും വൈകീട്ട് മരണം സംഭവിക്കുകയുമായിരുന്നു.ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും.
മുന്‍ നിയമസഭാ സ്പീക്കറും എകെ ആന്റണിയുടെ മന്ത്രിസഭയില്‍ കൃഷിമന്ത്രിയുമായിരുന്ന പി പി തങ്കച്ചന്‍ നാല് തവണ എംഎല്‍എയായിരുന്നു. നീണ്ട 13 വര്‍ഷമാണ് യുഡിഎഫിനെ പി പി തങ്കച്ചന്‍ എന്ന കണ്‍വീനര്‍ കെട്ടുറപ്പോടെ നയിച്ചത്. 2005-ല്‍ എ കെ ആന്റണിക്ക് പകരം ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായപ്പോഴാണ് അദ്ദേഹം വഹിച്ചിരുന്ന യുഡിഎഫ് കണ്‍വീനര്‍ പദവി തങ്കച്ചന്‍ ഏറ്റെടുത്തത്.
പിന്നീടങ്ങോട്ട് കേരള രാഷ്ട്രീയത്തിലെ സംഭവബഹുലമായ വ്യാഴവട്ടകാലത്തില്‍ കേന്ദ്ര കഥാപാത്രമായി പി പി തങ്കച്ചനുമുണ്ടായിരുന്നു. സ്പീക്കറായും മന്ത്രിയായും എംഎല്‍എയുമായുള്ള ഭീര്‍ഘകാല അനുഭവസമ്പത്താണ് പക്വതയോടെയും സൗഹാര്‍ദത്തോടെയും യുഡിഎഫിനെ നയിക്കാന്‍ തങ്കച്ചന് കരുത്തായത്.