
മലയാള - നാടക ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭ പി. ജെ ആന്റണിയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് സാംസ്‌കാരിക വിനിമയ കേന്ദ്രമായ ഭാരത് ഭവനിൽ തുടക്കമായി. പി. ജെ ആന്റണി രചന നിർവ്വഹിച്ച സോക്രട്ടീസ് എന്ന മലയാള നാടകത്തിൽ വധശിക്ഷക്ക് വിധിച്ച് തടവറയിലേക്ക് പോകുന്ന സോക്രട്ടീസിന്റെ കഥാപാത്രമായി അമ്പൂട്ടിയും നരേറ്ററായി ജോസഫ് മാപ്പിളശേരിയും വേദിയിലെത്തിച്ച പന്തം, ചലച്ചിത്ര സംവിധായകൻ കെ. പി കുമാരന് കൈമാറുകയും കഥാപാത്രങ്ങളും ഉദ്‌ഘാടകനും ചേർന്ന് വിശിഷ്ടാതിഥികളുടെ സാന്നിദ്ധ്യത്തിൽ പി. ജെ ആന്റണി ജന്മശതാബ്‌ദി ആഘോഷങ്ങൾക്ക് തിരി തെളിയിക്കുകയും ചെയ്തു. രാവിലെ 10 മണിക്ക് കെ. പി രാമനുണ്ണിയുടെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായ മധുപാൽ മുഖ്യ പ്രഭാഷണവും, ഭാരത് ഭവൻ മെമ്പർ സെക്രട്ടറിയും നാടക ചലച്ചിത്ര സംവിധായകനുമായ ഡോ.പ്രമോദ് പയ്യന്നൂർ, നാട്യഗൃഹം പ്രസിഡന്റ് പി. വി ശിവൻ എന്നിവർ സ്മൃതി ഭാഷണവും നിർവ്വഹിച്ചു. ചടങ്ങിന് കേന്ദ്ര സാഹിത്യ അക്കാദമി മലയാളം ഉപദേശക സമിതി അംഗം സാബു കൊട്ടുക്കൽ സ്വാഗതവും, നാട്യഗൃഹം ചെയർമാൻ എം.വി ഗോപകുമാർ കൃതഞ്ജതയും രേഖപ്പടുത്തി. പി ജെ ആന്റണി വ്യാജ ജീവിതങ്ങളെ നിരാകരിച്ച പ്രതിഭയാണെന്ന് പ്രമുഖ സാഹിത്യകാരൻ കെ പി രാമനുണ്ണി പറഞ്ഞു.
തുടർന്ന് രാവുണ്ണിയുടെ അധ്യക്ഷതയിൽ ‘പി. ജെ ആന്റണിയുടെ എഴുത്ത് / നാടക ലോകം’ എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ ടി.എം. എബ്രഹാം, ഷംഷാദ് ഹുസൈൻ എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ഉച്ചക്ക് ശേഷം പോൾ മണലിന്റെ അധ്യക്ഷതയിൽ നടന്ന സെമിനാറിന്റെ തുടർച്ചയിൽ ഡോ.രാജാ വാര്യർ, അജു കെ നാരായണൻ എന്നിവരും പ്രബന്ധം അവതരിപ്പിച്ചു .
ഇന്ന് (ഒക്ടോബർ 12 ഞായറാഴ്ച) രാവിലെ 10 മണി മുതൽ 11.30 വരെ ‘പി. ജെ ആന്റണിയുടെ എഴുത്ത് / ചലച്ചിത്ര ലോകം’ എന്ന വിഷത്തിൽ വിജയകൃഷ്ണന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ശ്രീജ ആറങ്ങോട്ടുകര, ഹരി ചങ്ങമ്പുഴ എന്നിവരും 12 മണി മുതൽ 1.30 വരെ ഇതേ വിഷയത്തിൽ എ. വി പവിത്രന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ സന്തോഷ് വള്ളിക്കാവ്, പത്മനാഭൻ കാവുമ്പായി എന്നിവർ പ്രബന്ധം അവതരിപ്പിക്കും. ഉച്ചക്ക് ശേഷം ‘പി ജെ ആന്റണി - വ്യക്തി , എഴുത്ത് , കലാപ്രവർത്തനം’ എന്ന വിഷയത്തിൽ പി. സോമന്റെ അധ്യക്ഷതയിൽ നടക്കുന്ന സെമിനാറിൽ ഷാജു പുതൂർ, ജേക്കബ് എബ്രഹാം എന്നിവർ പ്രബന്ധം അവതരിപ്പിക്കും.
വൈകുന്നേരം 4 മണിക്ക് സാബു കോട്ടുക്കലിന്റെ അധ്യക്ഷതയിൽ നടക്കുന്ന സമാപന സമ്മേളനത്തിൽ പ്രൊഫ.അലിയാർ സമാപന പ്രഭാഷണവും, ഗീത രംഗപ്രഭാത്, വിജു വർമ്മ, സുധിദേവയാനി, നിരീക്ഷ എന്നിവർ ആശംസാ പ്രഭാഷണവും, ശ്രീകല പ്രസാദ് കൃതതജ്ഞതയും രേഖപ്പെടുത്തും. തുടർന്ന് പി. ജെ ആന്റണി രചന നിർവ്വഹിച്ച ‘ചക്രായുധം’ നാടകത്തിന്റെ അവതരണവും നടക്കും. കേരള സാഹിത്യ അക്കാദമി, ഭാരത് ഭവൻ, നാട്യഗൃഹം എന്നിവയുടെ സംയുക്ത സഹകരണത്തിൽ ഒരുക്കുന്ന പി. ജെ ആന്റണി ജന്മശതാബ്ദി ആഘോഷങ്ങളിലേക്കുള്ള പ്രവേശനം സൗജന്യമാണ്.