തൃശൂർ : ബി ജെ പിയുടെ വികസന ജാതിയിൽ പങ്കെടുത്ത സംഗീത സംവിധായകൻ ഔസേപ്പനച്ചനെ നിയമസഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ക്ഷണിച്ച് നേതാക്കൾ. പൊതുസമ്മതരെ തെരഞ്ഞെടുപ്പിൽ ഇറക്കാനാണ് ബി ജെ പി ലക്ഷ്യമിടുന്നത്. (Ouseppachan in BJP programme)
അതേസമയം, സംഭവത്തിൽ വിമർശനവുമായി കോൺഗ്രസ് രംഗത്തെത്തി. സുരേഷ് ഗോപിയെക്കൊണ്ട് പൊറുതി മുട്ടിയിരിക്കുന്ന തൃശൂരുകാർ ഔസേപ്പച്ചനെ സ്വീകരിക്കില്ല എന്നാണ് ടി എൻ പ്രതാപൻ പറഞ്ഞത്.
തൃശൂരിലെ ബി ജെ പി വികസന മുന്നേറ്റ ജാഥയി നയിച്ചത് പാർട്ടി സംസ്ഥാന ഉപാധ്യക്ഷൻ ബി ഗോപാലകൃഷ്ണനാണ്. രാഷ്ട്രീയ നിരീക്ഷകൻ ഫക്രുദ്ദീൻ അലിയും ഔസേപ്പച്ചനൊപ്പം എത്തി. ഭാരതം നമ്മുടെ അമ്മയാണെന്ന് പറഞ്ഞ ഔസേപ്പച്ചൻ, രാജ്യത്തിൻ്റെ വളർച്ചയ്ക്കായി ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും കൂട്ടിച്ചേർത്തു. ബി ഗോപാലകൃഷ്ണൻ രാജ്യത്തിൻ്റെ വളർച്ചയ്ക്കായി പ്രവർത്തിക്കുന്നയാൾ ആണെന്നാണ് അദ്ദേഹം പറഞ്ഞത്.
നല്ല രാഷ്ട്രീയക്കാരെ തനിക്ക് ഇഷ്ടമാണെന്നാണ് ഫക്രുദ്ദീൻ അലിയുടെ പ്രതികരണം. സുരേഷ് ഗോപിയുടെ പ്രവർത്തനങ്ങൾ ഇഷ്ടമാണ് എന്നും, എന്നാൽ ചില സമയത്ത് പ്രതികരണങ്ങൾ കൈവിട്ടു പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.