പാലക്കാട്: തോട്ടക്കരയിൽ ദമ്പതികളെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയെ പോലീസ് പിടികൂടി. കൊല്ലപ്പെട്ട നസീറിന്റെയും സുഹറയുടെയും വളർത്തുമകൾ സുൽഫിയത്തിന്റെ മുൻ ഭർത്താവും പൊന്നാനി സ്വദേശിയുമായ റാഫി ആണ് പിടിയിലായത്. അക്രമത്തിനിടെ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഇയാളെ പള്ളി ഖബർസ്ഥാനിൽ നിന്നാണ് നാട്ടുകാരുടെ സഹായത്തോടെ പോലീസ് പിടികൂടിയത്.(Ottapalam double murder, The accused aimed at his wife)
വിവാഹബന്ധം വേർപെടുത്തി അകന്നു കഴിയുകയായിരുന്നു റാഫിയും സുൽഫിയത്തും. ഇവരുടെ വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണ്. ഇന്നലെ അർധരാത്രിയോടെ വീട്ടിലെത്തിയ റാഫി സുൽഫിയത്തിനെ വലിച്ചിറക്കി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. മകളെ രക്ഷിക്കാൻ തടയാൻ ശ്രമിക്കുന്നതിനിടെയാണ് നസീറിനും സുഹറയ്ക്കും വെട്ടേറ്റത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു.
ആക്രമണത്തിനിടെ നാല് വയസ്സുകാരനായ മകനും വെട്ടേറ്റു. പരിക്കേറ്റ കുട്ടിയെയും എടുത്ത് സുൽഫിയത്ത് പുറത്തേക്ക് ഓടി രക്ഷപ്പെട്ടതോടെയാണ് നാട്ടുകാർ വിവരമറിയുന്നത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ കുട്ടി നിലവിൽ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കുട്ടിയെ വിട്ടുകിട്ടുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.